രാജ്യത്തെ രോഗമുക്​തി നിരക്കിൽ സ്​ഥിരതയാർന്ന വർധന; നിലവിൽ 93.1 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കില്‍ സ്ഥിരതയാര്‍ന്ന വര്‍ധനയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി. നിലവിലെ രോഗമുക്തി നിരക്ക് 93.1 ശതമാനമാണെന്ന്​ മന്ത്രാലയം ജോയിന്‍റ്​ സെക്രട്ടറി ലവ് അഗര്‍വാള്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 377 ജില്ലകളില്‍ നിലവില്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്കുള്ളത്​.

പ്രതിദിനം നൂറിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ 257 ജില്ലകളിലാണ് പ്രതിദിനം നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്​. രോഗവ്യാപനം ഏറ്റവും രൂക്ഷമായിരുന്ന മേയ്​ ഏഴിലെ അവസ്​ഥയിൽ നിന്ന്​ 68ശതമാനം കുറവ്​ ഇപ്പോൾ രേഖപ്പെടുത്തുന്നുണ്ട്​. മേയ്​ 28ന്​ ശേഷം പ്രതിദിനം രണ്ട്​ ലക്ഷത്തിൽ കുറവ്​ കേസുകളാണ്​ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്നത്​. മൊത്തം കേസുകളുടെ 66 ശതമാനവും അഞ്ച്​ സംസ്​ഥാനങ്ങളിൽ നിന്നാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​.

മുതിര്‍ന്ന പൗരന്മാരില്‍ അറുപത് ശതമാനത്തിലധികം പേർക്ക്​ കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ നൽകാൻ ആരോഗ്യ മന്ത്രാലയത്തിന്​ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവര്‍ 17.2 കോടി വരുമെന്ന് നിതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു. വാക്‌സിന്‍റെ ആദ്യ ഡോസ് നല്‍കിയവരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags:    
News Summary - India's covid recovery rate currently stands at 93.1%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.