ചെന്നൈ: രാജ്യത്തെ ഇരുമ്പ് യുഗം ആരംഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണെന്ന് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിൽ അടുത്തിടെ നടത്തിയ പുരാവസ്തു ഖനനങ്ങളിൽ കണ്ടെത്തിയ വസ്തുക്കളുടെ കാർബൺ ഡേറ്റിങ്ങിൽ 5300 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇരുമ്പിന്‍റെ ഉപയോഗം സംസ്ഥാനത്ത് വ്യാപകമായിരുവെന്നതിന് തെളിവുകൾ കണ്ടെത്തി.
കണ്ടെത്തിയ വസ്തുക്കൾ ഇരുമ്പ് യുഗത്തെ ഏറ്റവും പഴക്കമുള്ളവയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഹിറ്റൈറ്റ് സാമ്രാജ്യത്തിലെ ആളുകളാണ് (ഇന്നത്തെ തുർക്കിയിൽ) ഇരുമ്പ് ആദ്യമായി ഉപയോഗിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 5,300 വർഷങ്ങൾക്ക് മുമ്പ് തമിഴ് ഭൂപ്രകൃതിയിൽ ഇരുമ്പ് ഉപയോഗമുണ്ടായിരുന്നതായി തങ്ങൾ ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ആർക്കിയോളജി (ടി.എൻ.എസ്.ഡി.എ) പുറത്തിറക്കിയ 'ആന്‍റിക്വിറ്റി ഓഫ് അയൺ' എന്ന പഠനം പുറത്തിറക്കി മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട് സംസ്ഥാന പുരാവസ്തു വകുപ്പ് അക്കാദമിക് ആൻഡ് റിസർച്ച് ഉപദേഷ്‌ടാവ് പ്രൊഫ. കെ. രാജൻ, തമിഴ്‌നാട് സംസ്ഥാന പുരാവസ്തു വകുപ്പ് ജോയിന്‍റ് ഡയറക്‌ടർ ആർ. ശിവാനന്ദം എന്നിവരാണ് രചയിതാക്കൾ.
യു.എസിലെ ബീറ്റാ അനലിറ്റിക്‌സ്, അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി, ലഖ്‌നൗവിലെ ബിർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസ് എന്നീ മൂന്ന് പ്രമുഖ ഗവേഷണ ലാബുകൾ തൂത്തുക്കുടി ജില്ലയിലെ ശിവഗലൈയിൽ നിന്നുള്ള സാമ്പിളുകൾ വിശകലനം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. അപാരമായ അഭിമാനത്തോടെയും സമാനതകളില്ലാത്ത സംതൃപ്തിയോടെയും ‘തമിഴ് മണ്ണിൽ ഇരുമ്പുയുഗം ആരംഭിച്ചു’ എന്ന് ലോകത്തോട് പ്രഖ്യാപിക്കുന്നതായി സ്റ്റാലിൻ പറഞ്ഞു. ഇനി ഇന്ത്യൻ ചരിത്രത്തിന് തമിഴ്നാടിനെ കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിൽ സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്ന അതേ കാലഘട്ടത്തിൽ തന്നെയാണ് ദക്ഷിണേന്ത്യയിൽ ഇരുമ്പ് യുഗമെന്ന് പണ്ഡിതന്മാർ വിശ്വസിക്കുന്നു. തമിഴ് മണ്ണിലാണ് അയിരില്‍ നിന്ന് ഇരുമ്പ് വേര്‍തിരിച്ചെടുക്കുന്നതിനുള്ള ഉരുക്കല്‍ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചതെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് ക്രോണോമെട്രിക് ഡേറ്റിങിലൂടെ സ്ഥാപിച്ചതായി സ്റ്റാലിന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.