Kunal Kamra, Eknath Shinde

ഏകനാഥ് ഷിൻഡെക്കെതിരായ കുനാൽ കമ്രയുടെ പരാമർശം: മുംബൈയിൽ ഹോട്ടൽ അടിച്ചു തകർത്ത് ശിവസേന പ്രവർത്തകർ

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്കെതിരായ കൊമേഡിയൻ കുനാൽ കമ്രയുടെ പരാമർശത്തിൽ പരസ്യ പ്രതിഷേധവുമായി ശിവസേന രംഗത്ത്. മുംബൈയിലെ ഹാബിറ്റാറ്റ് കൺട്രി ക്ലബ് ഹോട്ടൽ ശിവസേന പ്രവർത്തകർ അടിച്ചു തകർത്തു. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ശിവസേന പ്രവർത്തകർ, കുനാൽ കമ്രയുടെ ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു.

സമകാലിക രാഷ്ട്രീയം വിശദമായി ചർച്ച ചെയ്യുന്ന നയാഭാരത് പരിപാടിയിലാണ് ഏകനാഥ് ഷിൻഡെക്കെതിരെ കുനാൽ കമ്രയുടെ പരോക്ഷ പരാമർശമുണ്ടായത്. ശിവസേനയെ പിളർത്തി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ഷിൻഡെയെ കമ്ര വിമർശിക്കുകയും 'രാജ്യദ്രോഹി' എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. 

കമ്ര പങ്കിട്ട ഒരു വിഡിയോയിൽ 'താനെയിൽ നിന്നുള്ള ഒരു നേതാവിനെ' പരാമർശിക്കുന്ന ദിൽ തോ പാഗൽ ഹേയിലെ ഒരു സ്പൂഫ് ഗാനം ആലപിക്കുകയും ഷിൻഡെയുടെ ശരീരപ്രകൃതിയെ കുറിച്ചും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള അദ്ദേഹത്തിന്റെ സമവാക്യത്തെ കുറിച്ചും പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. അതേസമയം, വിഡിയോയിൽ ഷിൻഡെയുടെ പേര് കമ്ര പരാമർശിച്ചിരുന്നില്ല.

അതിനിടെ, പരാമർശത്തിൽ കുനാൽ കമ്രക്കെതിരെ ശിവസേന നേതാവായ രാഹുൽ കനാൽ പരാതി നൽകി. ഏകനാഥ് ഷിൻഡെയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ശ്രമമാണ് നടന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു. കൂടാതെ, ഷിൻഡെയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയെന്ന് ചൂണ്ടിക്കാട്ടി ശിവസേന (യു.ബി.ടി) നേതാക്കളായ സഞ്ജയ് റൗട്ട്, ആദിത്യ താക്കറെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കെതിരെയും പൊലീസിൽ പരാതി നൽകി. അതേസമയം, ഷിൻഡെ വിഭാഗം നടത്തിയ ആക്രമണത്തെ ഉദ്ദവ് വിഭാഗം അപലപിച്ചു.

'ദി കശ്മീർ ഫയൽസ്' വിവാദ സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ വിമർശിച്ചതിന് കുനാൽ കമ്രക്കെതിരെ മുമ്പ് ട്വിറ്ററിൽ വൻ ആക്രമണം നടന്നിരുന്നു. വിവേക് അഗ്നിഹോത്രി സിനിമയിൽനിന്നും ലഭിക്കുന്ന വൻ ലാഭം പാവങ്ങളെ സഹായിക്കാൻ വിനിയോഗിക്കുമോ എന്നായിരുന്നു കമ്രയുടെ പരിഹാസം.

സിനിമയെ പിന്തുണച്ച് പ്രധാനമന്ത്രി മോദിയടക്കമുള്ള ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയതിനെ വിമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇതിനെതിരെ വൻ ആക്രമണമാണ് കുനാലിനെതിരെ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

Tags:    
News Summary - Shiv Sena workers vandalise Mumbai's Habitat Country Club over Kunal Kamra's remarks on Eknath Shinde

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.