ന്യൂഡൽഹി: റഷ്യ ഇന്ത്യക്ക് കൈമാറിയ എസ്-400 മിസൈൽ സംവിധാനങ്ങളുടെ വിശദാംശങ്ങൾ യുക്രെയ്ൻ ഹാക്കർമാർ ചോർത്തി. മിസൈലിന്‍റെ റഷ്യൻ ഉപകരണ മാനുവലുകളും കോഡുകളും ഹാക്കർമാർ തുറക്കുകയും ചെയ്തു.
ഇന്ത്യ-റഷ്യ കരാർ പ്രകാരം ഇന്ത്യക്ക് കൈമാറുന്ന മിസൈൽ ഘടകങ്ങൾ, കോഡുകൾ, സാങ്കേതിക കൈമാറ്റം, സ്പെയർ പാർട്സ് വിതരണം, മിസൈൽ സംവിധാനങ്ങൾ, യുദ്ധോപകരണങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാനുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പരിശീലനം അടക്കം മുഴുവൻ വിശദാംശങ്ങളും ചോർന്നിട്ടുള്ളത്.
മെയിലുകളിൽ നിന്ന് ഹാക്ക് ചെയ്യപ്പെട്ട രേഖകളിൽ സുപ്രധാന റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, വ്യക്തിഗത ഡാറ്റ എയർ ഡിഫൻസ്, മോസ്കോയിലെയും ക്രെംലിനിലെയും മിസൈൽ ഡിഫൻസ് ഓഫീസർമാരുടെ ക്ലാസിഫൈഡ് ഓപറേറ്റിങ് മാനുവലുകൾ എന്നിവയും ഉൾപ്പെടുന്നു.
ഇൻഫോംനപാം വോളണ്ടിയർ ഇന്‍റലിജൻസ് കമ്യൂണിറ്റിയുമായി പങ്കിട്ട ഹാക്ക് ചെയ്ത രേഖകളിൽ പാന്‍റ്സിർ-എസ്, തോർ-എം1 വ്യോമ പ്രതിരോധ സംവിധാനം എന്നിവക്കുള്ള ഓപറേറ്റിങ് മാനുവലും ഉണ്ട്.
ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന ലോകത്തെ മികച്ച മിസൈലുകളിലൊന്നാണ് എസ്-400. അഞ്ച് യൂനിറ്റ് എസ്-400 മിസൈലിനായി 543 കോടി ഡോളറിന്‍റെ കരാറാണ് ഇന്ത്യ ഒപ്പിട്ടത്.
അതേസമയം, ഇന്ത്യ-റഷ്യ മിസൈൽ കരാറിനെതിരെ അമേരിക്ക രംഗത്തു വന്നിരുന്നു. റഷ്യയിൽ നിന്ന് മിസൈൽ വാങ്ങാനുള്ള നീക്കത്തിൽ നിന്ന് ഇന്ത്യ പിൻമാറണമെന്ന് അന്നത്തെ യു.എസ് പ്രസിഡന്‍റായിരുന്ന ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടത്. നേരത്തെ, എസ്-400 മിസൈൽ വാങ്ങിയ തുർക്കിക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.