ഗോതമ്പിന് കോവിഡ് വാക്സിന്റെ അവസ്ഥയുണ്ടാകരുത്; അന്താരാഷ്ട്ര വില വർധന ഭക്ഷ്യ സുരക്ഷയെ ബാധിക്കും -വി. മുരളീധരൻ

ന്യൂഡൽഹി: ഗോതമ്പ് കയറ്റുമനി നിരോധനം ഇന്ത്യുടെയും അയൽ രാജ്യങ്ങളുടെയും ഭക്ഷ്യസുരക്ഷക്ക് വേണ്ടിയാണെന്ന് വിദേശകാര്യമന്ത്രി വി. മുരളീധരൻ. ഭക്ഷ്യധാന്യങ്ങൾ പൂഴ്ത്തിവെച്ച് വിലവർധനവ് ഉണ്ടാക്കുന്നതിലും വിവേചനം സംബന്ധിച്ചും ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ, ആഗോള വിപണിയിൽ ഭക്ഷ്യവിലയിലെ പെട്ടെന്നുള്ള വർധനവ്, കോവിഡ് 19 വാക്സിൻ പ്രശ്നത്തിന്റെതുപോലെ ആകരുതെന്ന് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കോവിഡ് 19 ഒന്നാം ഡോസ് വാക്സിനു വേണ്ടി ദരിദ്ര രാജ്യങ്ങൾ ബുദ്ധിമുട്ടുമ്പോൾ വികസിത രാജ്യങ്ങൾക്ക് വാക്സിൻ ആവശ്യത്തിലേറെയുണ്ടായിരുന്നു.

ഗോതമ്പിന്റെ പെട്ടെന്നുള്ള അന്താരാഷ്ട്ര തലത്തിലെ വില വർധന നമ്മുടെയും അയൽ രാജ്യങ്ങളുടെയും ഭ്യക്ഷ്യ സുരക്ഷയെ ബാധിക്കുമെന്ന് ഇന്ത്യൻ സർക്കാർ തിരിച്ചറിഞ്ഞു. ഭക്ഷ്യ ധാന്യങ്ങളുടെ കാര്യത്തിൽ അവ താങ്ങാവുന്ന വിലയിൽ വേണ്ട​ത്ര ലഭ്യമാക്കുക എന്നത് അനിവാര്യതയാണെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു. യു.എൻ സെക്യൂരിറ്റി കൗൺസിലിൽ ആഗോള ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് നടന്ന മന്ത്രി തലയോഗത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

കോവിഡ് 19 വാക്സിന്റെ കാര്യത്തിൽ ദരിദ്ര രാജ്യങ്ങൾ അവഗണിക്കപ്പെട്ടത് എങ്ങനെയാണെന്ന് നാം കണ്ടു. അസമത്വം ശാശ്വതമാക്കുന്നതിനും വിവേചനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ളതല്ല തുറന്ന വിപണി. ഗോതമ്പ് കയറ്റുമതി നിയന്ത്രിച്ചത് ഏറ്റവും ആവശ്യമുള്ളവർക്ക് അത് ലഭ്യമാകും എന്ന് ഉറപ്പുവരുത്താനാണ്. ആഗോള വിപണിയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ മൂലം ഭക്ഷ്യ സുരക്ഷയിലുണ്ടാകുന്ന വിപരീത ഫലത്തെ കുറക്കാൻ ഇതുസഹായകമാകും.

മേയ് 13 ന് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. ചുടുകാറ്റ് മൂലം ഗോതമ്പുൽപാദനത്തിലുണ്ടായ കുറവ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കാതിരിക്കുന്നതിനും ഭക്ഷ്യധാന്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന രാജ്യങ്ങളെ സഹായിക്കുന്നതിനും വേണ്ടിയായിരുന്നു ഇതെന്നും മറ്റു രാജ്യങ്ങൾ ആവശ്യപ്പെടുന്നതിനനുസരിച്ച് കേന്ദ്ര സർക്കാർ കയറ്റുമതി അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓരോ രാജ്യത്തിന്റെയും ഭക്ഷ്യ ആവശ്യങ്ങൾക്കനുസരിച്ചാണ് കയറ്റുമതിയുടെ അളവും നിശ്ചയിക്കുന്നത്. ഇത് അതാത് സർക്കാറുകളുടെ ആവശ്യപ്രകാരമാണ് ​ചെയ്യുന്നത്. ഇതു മൂലം ഏറ്റവും ആവശ്യമുള്ളവർക്ക് നൽകാനാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - India's Tough Defence of Wheat Export Ban, Covid Jab Swipe At West

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.