ന്യൂഡൽഹി: 'ഞാനൊരു quockerwodger (സ്വാധീനമുള്ളവരുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്നയാൾ) അല്ല' എന്ന സ്വയം വിശേഷണം ശരിയാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട് ശശി തരൂർ. ഇന്ത്യ അതുവരെ കേൾക്കാത്ത നിരവധി വാക്കുകൾ പരിചയപ്പെടുത്തിയ ഈ 'വേർഡ്സ്മിത്ത്' കോൺഗ്രസിന്റെ ചരിത്രം മാറ്റിയെഴുതാനുള്ള വാക്കുകൾ അണിയറയിലൊരുക്കുകയാണ്.
53ാം വയസ്സിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ 'പുതുമുഖ'മായെത്തിയ തരൂർ, ഇന്ന് ദേശീയ നേതൃത്വത്തിലേക്ക് എത്തണമെന്ന് പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്ന നിലയിലേക്ക് വളർന്നു. മുൻ യു.എൻ നയതന്ത്രജ്ഞൻ, എഴുത്തുകാരൻ, 83 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിൽ രാഷ്ട്രീയ എതിരാളികളുടെ പോലും ആരാധനാപാത്രമാണ് ഈ 66കാരൻ.
പദപ്രയോഗങ്ങളിലൂടെയും ഭാര്യ സുനന്ദ പുഷ്കറിന്റെ മരണമുണ്ടാക്കിയ വിവാദങ്ങളിലൂടെയും പലപ്പോഴും 'പ്രതിനായക' സ്ഥാനത്ത് എത്തിയെങ്കിലും അതെല്ലാം മറികടക്കാനും തരൂരിന് കഴിഞ്ഞിട്ടുണ്ട്.
2009ൽ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽനിന്ന് ആദ്യം മത്സരിക്കുമ്പോൾ 'പുറംനാട്ടുകാരൻ' എന്ന് എതിർപക്ഷം പ്രചരിപ്പിച്ചിട്ടുപോലും 2014ലും 2019ലും ജയം ആവർത്തിച്ച് തരൂർ 'ഇന്നാട്ടുകാരൻ' തന്നെയെന്ന് തെളിയിച്ചു.
'ഞാൻ ഒറ്റക്ക് ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങി, ആളുകൾ അതിനൊപ്പം ചേർന്നു, ഒരാൾക്കൂട്ടമായി മാറി' എന്ന ഉർദു കവി മജ്റൂഹ് സുൽത്താൻപുരിയുടെ വരികളാണ് പാർട്ടിയിൽ തന്റെ പിന്തുണ വർധിക്കുന്നെന്ന് സൂചിപ്പിച്ച് തരൂർ ഫേസ്ബുക്കിൽ കഴിഞ്ഞദിവസം കുറിച്ചത്. യു.എൻ കാലത്ത് നിരവധി ദൗത്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിച്ച തരൂർ പുതിയ ദൗത്യത്തിന് യോഗ്യത നേടുമോയെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ നിരീക്ഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.