ന്യൂഡൽഹി: നിയോ എഞ്ചിൻ ഉപയോഗിക്കുന്ന വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് ഡയറക്ടർ ജനറൽ ഒാഫ് സിവിൽ എവിയേഷന്‍റെ (ഡി.ജി.സി.എ) ഉത്തരവിനെ തുടർന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കി. പറക്കുന്നതിനിടെ എഞ്ചിൻ തകരാറിലാകുന്ന സാഹചര്യത്തിലാണ് ഡി.ജി.സി.എയുടെ ഉത്തരവ്.
47 ആഭ്യന്തര സർവീസുകൾ നിർത്തിവെച്ചതായി ഇൻഡിഗോ എയർ അറിയിച്ചു. ഡൽഹി, മുംബൈ, ചെന്നൈ, കൊൽകത്ത, ഹൈദരാബാദ്, ബംഗളൂരു, പട്ന്, ശ്രീനഗർ, ഭുവനേശ്വർ, അമൃത്സർ, ഗൂവാഹതി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഇൻഡിഗോ നിർത്തിവെച്ചത്. ഗോ എയറും ചില ആഭ്യന്തര സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്.
പ്രാറ്റ് ആന്‍റ് വൈറ്റ്നി സീരിസില്‍ പെടുന്ന എ 320 നിയോ എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനങ്ങളുടെ സർവീസുകളാണ് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഡയറകര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടത്.
എ 320 നിയോ എഞ്ചിനുകള്‍ ഉപയോഗിക്കുന്ന നിരവധി വിമാനങ്ങള്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. നിലവില്‍ ഇന്‍ഡിഗോയും ഗോ എയറുമാണ് വ്യാപകമായി ഈ എഞ്ചിന്‍ ഉപയോഗിക്കുന്നത്.
വിമാനങ്ങളുടെ എഞ്ചിന്‍ സംബന്ധിച്ച് പരിശോധന നടത്തുന്ന യൂറോപ്യന്‍ റെഗുലേറ്ററായ 'ഈസ' നേരത്തെ തന്നെ ഇത്തരം എഞ്ചിനുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് എഞ്ചിനുകളിൽ മാറ്റം വരുത്തിയതായി പ്രാറ്റ് ആന്‍റ് വൈറ്റ്നി അറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷവും ഇന്ത്യയില്‍ എഞ്ചിന്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഈ എഞ്ചിനുകള്‍ ഉപയോഗിക്കരുതെന്ന് ഡി.ജി.സി.എ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.