ബി.ജെ.പി എം.പി വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു; വിമാനം രണ്ടു മണിക്കൂർ വൈകി

ന്യൂഡൽഹി: ബി.ജെ.പി ബെംഗളൂരു സൗത് ലോക്സഭാ എം.പി തേജസ്വി സൂര്യ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നതു മൂലം വിമാനം രണ്ടു മണിക്കൂർ വൈകി. ചെന്നൈ വിമാനത്താവളത്തിൽ ഡിസംബർ 10നാണ് സംഭവം. എമർജൻസി വാതിലിനടുത്ത് ഇരിക്കുകയായിരുന്ന തേജസ്വി അധികൃതരുടെ നിർദേശമില്ലാതെ വാതിൽ തുറക്കുകയായിരുന്നു.

അതേസമയം, വിഷയത്തിൽ പ്രസ്താവനയിറക്കാൻ കമ്പനി വിസമ്മതിച്ചു. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ 6E-7339 വിമാനത്തിലാണ് സംഭവം. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, എമർജൻസി വാതിൽ തുറന്നത് തേജസ്വി സൂര്യയാണെന്ന് ഉറപ്പിക്കാൻ ഡി.ജി.സി.എയോ വിമാനത്താവള അധികൃതരോ തയാറായിട്ടില്ല. എന്നാൽ സംഭവത്തിന്റെ ദൃക്സാക്ഷി അത് തേജസ്വി സൂര്യയാണെന്ന് വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അദ്ദേഹം മാപ്പ് പറയുകയും ചെയ്തുവെന്ന് ദൃക്സാക്ഷി പറഞ്ഞു.

അപകടം സംഭവിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കാബിൻ ക്രൂ യാത്രക്കാർക്ക് വിശദീകരണം നൽകവെയാണ് പാർലമെന്റ് എം.പി എമർജൻസി വാതിൽ തുറന്നത്. ‘അദ്ദേഹം അപകടമുണ്ടായാൽ രക്ഷപ്പെടുന്നതിനെ കുറിച്ച് വിശദീകരിച്ചത് ശ്രദ്ധിച്ച് കേട്ടശേഷം എമർജൻസി വാതിലിന്റെ ലിവർ വലിക്കുകയായിരുന്നു. ഉടൻ യാത്രക്കാരെ എല്ലാവരെയും വിമാനത്തിൽ നിന്ന് ഇറക്കി ബസിൽ കയറ്റി.

എയർലൈൻ അധികൃതരും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സും കുതിച്ചെത്തി പരിശോധന നടത്തി. രണ്ട് മണിക്കൂർ നീണ്ട പരിശോധനകൾക്ക് ശേഷം വിമാനം യാത്ര തുടർന്നു’ -ദൃക്സാക്ഷി വ്യക്തമാക്കി.

സംഭവത്തിൽ എം.പി മാപ്പെഴുതി നൽകി. പിന്നീട് യാത്ര തുടർന്നപ്പോൾ അദ്ദേഹത്തെ കാബിൻ ക്രൂ ഇടപെട്ട് മറ്റൊരു സീറ്റിലേക്ക് മാറ്റിയതായും ദൃക്സാക്ഷി പറഞ്ഞു.  

Tags:    
News Summary - IndiGo Flyer Opened Emergency Door, Plane Took Off After Checks: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.