ജീവനക്കാരൻ യാത്രക്കാരനെ കൈയേറ്റം ചെയ്തു; ക്ഷമാപണവുമായി വിമാന കമ്പനി VIDEO

ന്യൂഡൽഹി: സ്വകാര്യ വിമാനകമ്പനി ജീവനക്കാരൻ യാത്രക്കാരനെ കൈയേറ്റം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇൻഡിഗോ എയർലൈൻസ് ജീവനക്കാരനാണ് യാത്രക്കാരാനായ രാജീവ് കത്യാലിനെ ഇന്ദിര ഗാന്ധി രാജ്യന്തര വിമാനത്താവളത്തിൽ വെച്ച് കൈയേറ്റം ചെയ്തത്. ചെന്നൈയിൽ നിന്ന് ഡൽഹിയിൽ എത്തിയതായിരുന്നു കത്യാൽ. 

ബോർഡിങ് ബസിൽ കയറാൻ ശ്രമിച്ച കത്യാലിനെ ജീവനക്കാരൻ തടഞ്ഞതാണ് തർക്കത്തിനും തുടർന്ന് കൈയേറ്റത്തിനും വഴിവെച്ചത്. വാക്ക് തർക്കം രൂക്ഷമായതിന് പിന്നാലെ വിമാന ജീവനക്കാരൻ യാത്രക്കാരന്‍റെ കഴുത്തിൽ കുത്തിപിടിക്കുകയായിരുന്നു. ഒക്ടോബർ 15ന് നടന്ന സംഭവം നേരിൽ കണ്ട മറ്റ് യാത്രക്കാരാണ് കൈയേറ്റ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. 

ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ക്ഷമാപണവുമായി ഇൻഡിഗോ അധികൃതർ രംഗത്തെത്തി. യാദൃശ്ചിക സംഭവത്തിൽ ക്ഷമ ചോദിക്കുന്നതായി ഇൻഡിഗോ പ്രസിഡന്‍റ് ആദിത്യ ഖോഷ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. 

യാത്രക്കാരന് നേർക്കുണ്ടായ കൈയേറ്റ സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെകുറിച്ച് റിപ്പോർട്ട് നൽകാൻ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് നിർദേശം നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു പറഞ്ഞു. ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. അക്രമങ്ങൾ ഒരിക്കലും അനുവദിക്കാൻ കഴിയില്ല. ക്രമിനൽ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. 

Full View
Tags:    
News Summary - IndiGo Staff manhandled and pinned Passenger At Delhi Airport -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.