ഇന്ദിരയെ മറന്ന് പട്ടേല്‍ ജന്മവാര്‍ഷികാഘോഷം: കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷികം സര്‍ദാര്‍ വല്ലഭ ഭായ് പട്ടേലിന്‍െറ ജന്മവാര്‍ഷികാഘോഷം വിപുലപ്പെടുത്തിക്കൊണ്ട് മറച്ചുകളയാന്‍ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്.

ഒക്ടോബര്‍ 31 ദേശീയ അഖണ്ഡതാ ദിനമായി ആചരിച്ച് വിപുലമായ പരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തവണ ഡല്‍ഹിയില്‍ നടത്തിയത്. ഏകതാ ദിവസ് റാലിക്ക് നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിട്ടിറങ്ങി. അതേസമയം, മുന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്ദിര ഗാന്ധിയെ ചരമവാര്‍ഷികത്തില്‍ അനുസ്മരിക്കുന്ന പ്രത്യേക പരിപാടികള്‍ ഉണ്ടായില്ല.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തുടങ്ങിവെച്ച രീതി കൂടുതല്‍ വിപുലപ്പെടുത്തുകയാണ് ഇത്തവണ ചെയ്തത്. മോദി സര്‍ക്കാറിന്‍െറ ഇടുങ്ങിയ മനസ്സാണ് ഇത് പ്രകടമാക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇന്ദിരസ്മരണ പുതുക്കി മോദിസര്‍ക്കാറിനെതിരെ രാജ്യവ്യാപക പ്രചാരണത്തിന് ഒരുങ്ങുകയുമാണ് കോണ്‍ഗ്രസ്.

ഈ മാസം 19ന് ഇന്ദിരയുടെ ജന്മവാര്‍ഷികം ഇതിന് അവസരമാകും. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രധാന പരിപാടിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുസ്മരണ പ്രഭാഷണം നടത്തും.

32ാം ചരമവാര്‍ഷിക ദിനത്തില്‍ ഇന്ദിര ഗാന്ധിക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവരുടെ നേതൃത്വത്തില്‍ ആദരമര്‍പ്പിച്ചു.

 

Tags:    
News Summary - indira gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.