ഭോപ്പാല്‍: മുംബൈയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായുള്ള വിവരത്തെ തുടർന്ന് ഇന്ദോര്‍ സ്വദേശിയായ യുവാവിനെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ.യുമായും വിവിധ ഭീകരവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സർഫറാസ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
ചൈനീസ് വംശജയെ വിവാഹം കഴിച്ച് ഒന്നര പതിറ്റാണ്ടോളം ചൈനയിലായിരുന്നു ഇയാളെ ദേശീയ അന്വേഷണ ഏജൻസി(എന്‍.ഐ.എ)യും മുംബൈ പൊലീസും നൽകിയ വിവരത്തെ തുടർന്നാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഡോറിനു സമീപം ചന്ദൻ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും മറ്റു കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പേരിൽ ചൈനക്കാരിയായ ഭാര്യയാണ് തനിക്കെതിരേ തെറ്റായവിവരങ്ങള്‍ പൊലീസിന് നല്‍കിയതെന്നാണ് യുവാവിന്റെ വിശദീകരണം.സർഫറാസ് എന്ന് പേരുള്ളയാൾ മുംബൈയിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി എന്‍.ഐ.എക്കും മുംബൈ പൊലീസിനും ഇ-മെയില്‍ സന്ദേശം ലഭിച്ചിരുന്നു.
തുടർന്ന് മധ്യപ്രദേശ് പൊലീസിന് വിവരം കൈമാറുകയും ഇയാളെ പിടികൂടുകയുമായിരുന്നു. 2005 മുതൽ 2018 വരെ സർഫറാസ് ചൈനയിലാണ് ജീവിച്ചത്. കുറച്ചു കാലം ഇയാൾ ഹോങ്കോങ്ങിലും ഉണ്ടായിരുന്നതായി പറയുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.