ശ്രീനഗർ: തീവ്രവാദികൾക്ക് അഭയം നൽകുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൽ നിരപരാധികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജമ്മു കശ്മീർ പൊലീസ്. ധാന്യങ്ങളിൽ നിന്ന് പതിര് വേർതിരിക്കാനുള്ള വൈദഗ്ധ്യവും അറിവും തങ്ങൾക്കുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സത്യസന്ധരും നിരപരാധികളുമായ പൗരൻമാർ ഈ നിയമം ഓർത്ത് ഭയപ്പെടേണ്ട കാര്യമില്ല. ഭീകരർക്ക് സംരക്ഷണമൊരുക്കി കൊടുക്കുന്ന ആളുകൾക്കെതിരെ നടപടിയെടുക്കാൻ മാത്രമാണ് ഈ നിയമം നടപ്പിലാക്കുന്നതെന്ന് ജമ്മുകശ്മീർ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ഭീകരരുടെയും വിഘടനവാദി നേതാക്കളുടെയും ഏജന്‍റുമാർ നിരപരാധികളുടെ വീടുകളിൽ കാലാകാലങ്ങളായി ഭീകരരെ പാർപ്പിക്കുന്നതിനെ കുറിച്ചും പാവപ്പെട്ട കുടുംബങ്ങളെ ദ്രോഹിക്കുന്നതിനെ കുറിച്ചും തങ്ങൾക്ക് അറിയാമെന്ന് പൊലീസ് പറഞ്ഞു.
യു.എ.പി.എ പ്രകാരവും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടി തീവ്രവാദികൾക്കും അവരുടെ കൂട്ടാളികൾക്കും അഭയം നൽകുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഭീകരർക്ക് മനഃപൂർവ്വം സംരക്ഷണം നൽകുന്നവർക്കെതിരെ മാത്രമേ നടപടി സ്വീകരിക്കൂവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.