ബംഗളൂരു: ബഹ്റൈനിൽനിന്നുള്ള ഒാക്സിജനുമായി ഐ.എൻ.എസ് തൽവാർ മംഗളൂരുവിലെത്തി. രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് ഒാക്സിജൻ ഉൾപ്പെടെ സഹായമെത്തിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ 'സമുദ്രസേതു -രണ്ട്' പദ്ധതിയുടെ ഭാഗമായുള്ള നാവികസേന കപ്പലുകളാണ് ഇന്ത്യൻ തീരങ്ങളിൽ എത്തിത്തുടങ്ങിയത്.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യ കപ്പലാണ് ബുധനാഴ്ച മംഗളൂരുവിലെത്തിയത്. ബഹ്റൈൻ ഭരണാധികാരികളുടെ സഹായമായി ഇന്ത്യക്കുള്ള 54 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഒാക്സിജനുമായി മനാമയിൽനിന്ന് പുറപ്പെട്ട ഐ.എൻ.എസ് തൽവാർ ബുധനാഴ്ച ഉച്ചയോടെ മംഗളൂരു പുതു തുറമുഖത്താണ് എത്തിയത്.
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വഴിയാണ് ബഹ്റൈൻ ഭരണകൂടം ഇന്ത്യക്ക് സഹായമെത്തിച്ചത്. സമുദ്രസേതു -രണ്ട് പദ്ധതിയിൽ നാവികസേനയുടെ ഒമ്പതു കപ്പലുകളാണ് വിദേശ രാജ്യങ്ങളിൽനിന്ന് രാജ്യത്തേക്ക് സഹായം എത്തിക്കുന്നത്.
ദ്രവീകൃത മെഡിക്കൽ ഒാക്സിജൻ, ഒാക്സിജൻ നിറച്ച സിലിണ്ടറുകൾ, ക്രയോജനിക് ടാങ്കുകൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയുമായി ഐ.എൻ.എസ് ഐരാവത് സിംഗപ്പൂരിൽനിന്നും ഐ.എൻ.എസ് കൊൽക്കത്ത കുവൈത്തിൽനിന്നും ഇന്ത്യയിലേക്ക് വരുംദിവസങ്ങളിൽ എത്തും. തൽവാറിൽ 27 മെട്രിക് ടൺ വീതമുള്ള രണ്ടു കണ്ടെയ്നറുകളാണ് മംഗളൂരു തുറമുഖത്ത് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.