ലവ് ജിഹാദ് ആരോപണം; വിവാഹസത്കാരം ഉപേക്ഷിച്ച് നവ ദമ്പതികൾ

മുംബൈ: ലവ് ജിഹാദ് ആരോപണം ഉയർന്നതോടെ വിവാഹ സത്കാരം ഉപേക്ഷിച്ച് നവ ദമ്പതികൾ. ഡൽഹിയിൽ കൊല്ലപ്പെട്ട ശ്രദ്ധ വാക്കറിന്‍റെ സ്വദേശമായ മുംബൈ പാൽഘറിലെ വസായിയിലാണ് സംഭവം. വസായ് വെസ്റ്റ് ഏരിയയിലെ ഒരു ഹാളിൽ ഞായറാഴ്ച വൈകുന്നേരമാണ് വിവാഹ സത്കാരം നടത്താനിരുന്നത്. എന്നാൽ ദമ്പതികൾക്കെതിരേ ലവ് ജിഹാദ് ആരോപണം ഉയരുകയും ഹാൾ നിഷേധിക്കപ്പെടുകയുമായിരുന്നു.

വെള്ളിയാഴ്ച രാവിലെ പ്രാദേശിക വാർത്താ ചാനൽ എഡിറ്റർ വിവാഹ സത്കാര ക്ഷണക്കത്തിന്റെ ചിത്രം ട്വീറ്റ് ചെയ്യുകയും 'ലവ് ജിഹാദ്', 'ആക്ട് ഓഫ് ടെററിസം' എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ശ്രദ്ധാ വാക്കർ വധക്കേസുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. ട്വീറ്റ് വൈറലായതോടെ വസായിലെ പ്രാദേശിക ഹിന്ദു, മുസ്ലീം സംഘടനകൾ ഹാളിന്റെ ഉടമയെ വിളിച്ച് പ്രദേശത്തെ സമാധാനം നിലനിർത്താൻവേണ്ടി വിവാഹസത്ക്കാരം നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ദമ്പതികളുടെ കുടുംബങ്ങൾ ശനിയാഴ്ച മണിക്പൂർ പോലീസ് സ്‌റ്റേഷൻ സന്ദർശിച്ച് സ്വീകരണം നിർത്തിവച്ചതായി അറിയിച്ചു.

11 വർഷമായി പ്രണയത്തിലായിരുന്ന ദിവ്യ-ഇംറാൻ ദമ്പതികൾക്കാണ് ദുരവസ്ഥയുണ്ടായത്. കുടുംബങ്ങളുടെ സമ്മതത്തോടെയാണ് നവംബർ 17 ന് ഇരുവരും വിവാഹം കോടതിയിൽവെച്ച് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ചത്തെ റിസപ്ഷനിൽ 200 ഓളം അതിഥികളെ ക്ഷണിച്ചിരുന്നതായി ഇരുവരുടെയും കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞു.

ഈ കേസിൽ ലൗ ജിഹാദ് പ്രശ്നമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച് ഇസ്ലാം മതത്തിലേക്ക് മതം മാറ്റാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന ചില വലതുപക്ഷ സംഘടനകളുടെ ആരോപണമായാണ് 'ലവ് ജിഹാദ്' സൂചിപ്പിക്കുന്നത്.

ഡല്‍ഹിയിലെ ശ്രദ്ധ വാക്കറിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഹിന്ദു -മുസ്‍ലിം വിവാഹത്തിനെതിരായ പ്രതിഷേധം സ്ഥലത്ത് ഉയർന്നുവന്നത്. ശ്രദ്ധ വാക്കറിനെ കൊന്നകേസില്‍ ലിവ് ഇന്‍ പങ്കാളി അഫ്താബ് പൂനെവാലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ കൊന്ന് 35 കഷണങ്ങളാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയാണ് അഫ്താബ് ചെയ്തത്. ശ്രദ്ധ വാല്‍ക്കര്‍ മുംബൈയിലെ പല്‍ഘാറിലുള്ള വസായ് സ്വദേശിയാണ്.

Tags:    
News Summary - Inter-faith couple cancels wedding reception after 'love jihad' allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.