അന്താരാഷ്ട്ര വനിതാ കരാട്ടെ ചാമ്പ്യൻ സെയ്ദ ഫലക് രാഷ്ട്രീയത്തിലേക്ക്, എ.ഐ.എം.ഐ.എമ്മിൽ ചേർന്നു

ഹൈദരാബാദ്: അന്താരാഷ്ട്ര വനിതാ കരാട്ടെ ചാമ്പ്യൻ സെയ്ദ ഫലക് രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കാൻ തയ്യാറെടുക്കുന്നു. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനൊപ്പം ചേർന്ന് രാഷ്ട്രീയത്തിലേക്കുള്ള യാത്ര ആരംഭിച്ചതായി 26കാരിയായ സെയ്ദ പറഞ്ഞു.

'രണ്ട് വർഷമായി താൻ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ്. ജനങ്ങളെ സേവിക്കുകയെന്ന ലക്ഷ്യത്തോടെ ഇനി രാഷ്ട്രീയത്തിനായി കൂടുതൽ സമയം നീക്കിവെക്കാൻ ഉദ്ദേശിക്കുന്നു. അനീതികൾക്കെതിരെ ശബ്ദമുയർത്തിയിട്ടുണ്ട്. രാജ്യത്തിന്‍റെ നിലവിലെ സ്ഥിതി എങ്ങനെയാണെന്ന് എനിക്ക് അറിയാം. ഒരു മാറ്റത്തിനുള്ള സമയമാണിത്' -സെയ്ദ പറഞ്ഞു.

'ഇന്ത്യൻ രാഷ്ട്രീയത്തിൽ ന്യൂനപക്ഷങ്ങൾ, മുസ്‌ലിംകൾ, ദലിതർ, ആദിവാസികൾ, മറ്റ് പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾ എന്നിവർ ആരുടെയും അടിമകളാകരുത്. അവർക്ക് സ്വന്തം ശബ്ദമുണ്ടായിരിക്കണം. ജനങ്ങളെ സേവിക്കാനും സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞാൻ രാഷ്ട്രീയത്തിൽ ചേരാൻ തീരുമാനിച്ചു' -അവർ കൂട്ടിച്ചേർത്തു.

'എനിക്ക് രണ്ട് പെൺമക്കളുണ്ട്, ഒരാൾ ഡോക്ടറാണ്, മറ്റൊരാൾ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. അവൾ ജനങ്ങളെയും സമൂഹത്തെയും സേവിക്കാൻ ആഗ്രഹിക്കുന്നു, അതിനാൽ ഞങ്ങൾ അവൾക്ക് പൂർണ പിന്തുണ നൽകുന്നു. അവൾ കഠിനാധ്വാനിയും കഴിവുള്ളവളും വിദ്യാഭ്യാസമുള്ളവളുമാണ്' -സയ്യിദയുടെ പിതാവ് സയ്യിദ് ഷാ മജാസ് ഉൽ ഹഖ് പറഞ്ഞു.

'ഞാൻ പന്ത്രണ്ടാം വയസിൽ കരാട്ടെ പഠിക്കാൻ തുടങ്ങി, കഴിഞ്ഞ 13 മുതൽ 14 വർഷത്തോളമായി ഞാൻ ഈ കരിയർ പിന്തുടരുകയാണ്. നിരവധി അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 20 ദേശീയ തലത്തിലുള്ള കരാട്ടെ ചാമ്പ്യൻഷിപ്പുകളും 22 അന്താരാഷ്ട്ര തലത്തിലുള്ള ചാമ്പ്യൻഷിപ്പുകളിലും വിജയിച്ചിട്ടുണ്ട്. തെലങ്കാനയിൽനിന്ന് ലോക, ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പുകൾക്ക് യോഗ്യത നേടിയ, സീനിയർ ദേശീയ കിരീടം നേടുന്ന ആദ്യ വനിത താനാണെന്നും സെയ്ദ പറഞ്ഞു.

Tags:    
News Summary - International female Karate champion from Hyderabad steps into politics, joins AIMIM party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.