ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിൽ യുവാവിന്റെ കൊലപാതകത്തെ തുടർന്ന് ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെച്ചു. 22 കാരനായ ഹിന്ദു യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ മുസ്ലീം യുവാവാണെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്ത രാജസ്ഥാനിലെ ഭിൽവാര ടൗണിൽ വ്യാഴാഴ്ച വരെ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
കോട്ടവാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇന്നലെ രാത്രി കൊലപാതകം നടന്നത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഇളയ സഹോദരനുമായുള്ള തർക്കം പരിഹരിക്കാൻ പോയപ്പോഴാണ് യുവാവ് കുത്തേറ്റ് മരിച്ചത്. കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
കൊലപാതകത്തെ തുടർന്ന് ചില വലതുപക്ഷ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കരൗലി, അൽവാർ, ജോധ്പൂർ എന്നിവിടങ്ങളിൽ വർഗീയ കലാപം ഉണ്ടായതിനെ തുടർന്ന് രാജസ്ഥാൻ പൊലീസ് കനത്ത ജാഗ്രതയിലാണ്.
സ്ഥിതിഗതികളുടെ സൂക്ഷ്മത കണക്കിലെടുത്ത് ഉദ്യോഗസ്ഥർ ഇന്നലെ രാത്രി മുതൽ നഗരം വളഞ്ഞിരിക്കുകയാണെണന്നും മുൻകരുതലെന്ന നിലയിൽ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ ആശിഷ് മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.