‘ക്ഷണം രാമഭക്തർക്ക് മാ​ത്രം’; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണി​ച്ചില്ലെന്ന ഉദ്ധവ് താക്കറെയുടെ പരാതിയിൽ പ്രതികരണവുമായി മുഖ്യ പുരോഹിതൻ

ന്യൂഡൽഹി: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണി​ച്ചില്ലെന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ പരാതിയിൽ പ്രതികരണവുമായി അയോധ്യ ശ്രീരാമ ക്ഷേത്രം മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ചടങ്ങിലേക്ക് ശ്രീരാമ ഭഗവാന്റെ ഭക്തരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

‘ശ്രീരാമ ഭഗവാന്റെ ഭക്തരെ മാത്രമാണ് ക്ഷണിച്ചത്. രാമന്റെ പേരിൽ ബി.ജെ.പി പോരാടുന്നു എന്ന് പറയുന്നത് ശരിയല്ല. നമ്മുടെ പ്രധാനമന്ത്രി എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നു. അദ്ദേഹം തന്റെ ഭരണകാലത്ത് ധാരാളം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇത് രാഷ്ട്രീയമല്ല, അദ്ദേഹത്തിന്റെ ഭക്തിയാണ്’ -മുഖ്യപുരോഹിതൻ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയവത്കരിക്കരുതെന്ന് ഉണർത്തിയ ഉദ്ധവ് താക്കറെ, ക്ഷണക്കത്തിൽ അപാകതയുണ്ടെന്ന് പറഞ്ഞ് ബി.ജെ.പിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഉദ്ഘാടന പരിപാടി രാഷ്ട്രീയ പരിപാടിയാക്കുകയോ ഒരു പാർട്ടിയെ ചുറ്റിപ്പറ്റി നടത്തുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം, ‌രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച ഉദ്ധവ് രാമക്ഷേത്രത്തിനായി തന്റെ പിതാവ് ബാൽ താക്കറെ നടത്തിയ പോരാട്ടത്തെക്കുറിച്ചും സ്മരിച്ചിരുന്നു.

ബി.ജെ.പിയുടെ അടുത്ത നീക്കം ഭഗവാൻ ശ്രീരാമനെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കലാകുമെന്നും രാമന്റെ പേരിൽ അത്രയധികം രാഷ്ട്രീയമാണ് അരങ്ങേറുന്നതെന്നുമുള്ള ഉദ്ധവ് താക്കറെ വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ പരിഹാസത്തിനെതിരെയും സത്യേന്ദ്ര ദാസ് പ്രതികരിച്ചു. ‘രാമനിൽ വിശ്വസിച്ചവരാണ് അധികാരത്തിലുള്ളത്. അദ്ദേഹം എന്ത് വിഡ്ഢിത്തമാണ് സംസാരിക്കുന്നത്? അദ്ദേഹം ശ്രീരാമനെ അപമാനിക്കുകയാണ്’ -സത്യേ​ന്ദ്ര ദാസ് പറഞ്ഞു.

രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയവത്കരിച്ചെന്ന് ആരോപിച്ച് നിരവധി പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരുന്നു. മതം എന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമാക്കി മാറ്റരുതെന്നും പറഞ്ഞ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ക്ഷേത്ര ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

Tags:    
News Summary - 'Invitation to Rama devotees only'; Chief priest responds to Uddhav Thackeray's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.