ആമക്കറി കരിഞ്ഞുപോയി; ഭാര്യയെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ട് ഭർത്താവ്

ആമക്കറി വെച്ചത് കരിഞ്ഞുപോയതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി. ഒഡിഷയിലാണ് സംഭവം. കടലാമക്കറി കരിഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. പടിഞ്ഞാറന്‍ ഒഡിഷയിലെ സംബാല്‍പൂര്‍ ജില്ലയിലുള്ള റൗട്ട്പാഡ ഗ്രാമത്തിലാണ് ഒന്നര മാസം മുമ്പ് സംഭവം നടന്നത്. ഭര്‍ത്താവ് രഞ്ജന്‍ ബാഡിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവം നടന്നത് ഒന്നരമാസം മുമ്പാണെങ്കിലും വ്യാഴാഴ്ചയാണ് യുവതിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്. ആമക്കറി കരിഞ്ഞതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് രഞ്ജൻ ബഡിംഗ്(36) ഭാര്യ സാബിത്രി ബഡിംഗിനെ (35) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം രഞ്ജൻ ആമയെ വീട്ടിൽ കൊണ്ടുവന്ന് പാചകം ചെയ്യാൻ ഭാര്യ സാബിത്രിയോട് ആവശ്യപ്പെട്ടു. പിന്നീട് പുറത്തുപോയ രഞ്ജന്‍ മദ്യപിച്ച ശേഷം ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ കറി അല്പം കരിഞ്ഞതായി കാണുകയും സാബിത്രിയുമായി വഴക്കിടുകയും ചെയ്തു. തര്‍ക്കം രൂക്ഷമായപ്പോള്‍ രഞ്ജന്‍ ഭാര്യയെ അടിക്കുകയും സാബിത്രി ബോധം കെട്ടു വീഴുകയും ചെയ്തു. വീടു വിട്ടിറങ്ങിയ പ്രതി ഏതാനും മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് സാബിത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട ശേഷം സാബിത്രി വീട്ടിൽ നിന്ന് ഓടിപ്പോയെന്നാണ് രഞ്ജന്‍ അയല്‍വാസികളോട് പറഞ്ഞത്. മകളെ കാണാതായതിനെ തുടര്‍ന്ന് യുവതിയുടെ അമ്മ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് ഗ്രാമത്തിലെത്തി ബഡിംഗിനോട് ഭാര്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി. പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടിയതിനെ തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മൃതദേഹം വ്യാഴാഴ്ച പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി വീർ സുരേന്ദ്ര സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലേക്ക് (വിംസാർ) അയച്ചതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Irate Over Burnt Turtle Curry, Odisha Man Kills Wife, Buries Body in Backyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.