ഭൻവാരി ലാൽ ജെയ്നെ മർദ്ദിക്കുന്ന ചിത്രങ്ങൾ

'നിന്‍റെ പേര് മുഹമ്മദ് എന്നല്ലേ?'; മർദനമേറ്റ മാനസിക വെല്ലുവിളി നേരിടുന്ന വയോധികൻ മരിച്ച നിലയിൽ

ഭോപാൽ: 'നിന്‍റെ പേര് മുഹമ്മദ് എന്നല്ലേ?' എന്നായിരുന്നു തുടർച്ചയായി ആ വയോധികന്‍റെ മുഖത്തടിക്കുമ്പോൾ ദിനേശ് കുശ്വാഹ ചോദിച്ചുകൊണ്ടിരുന്നത്. ഇനിയും തല്ലല്ലേ എന്ന് ഭൻവർലാൽ ജെയ്ൻ പറയാതെ പറഞ്ഞു. മതത്തിന്‍റെ പേരിൽ അടികിട്ടുമ്പോഴും അതെന്തിനാണെന്നുപോലും മനസിലാക്കാൻ മാനസികവെല്ലുവിളി നേരിടുന്ന അയാൾക്കാകുമായിരുന്നില്ല.

പിന്നീട് ഇന്നലെ മധ്യപ്രദേശിലെ നീമച് ജില്ലയിലെ വഴിയോരത്ത് അദ്ദേഹം മരിച്ചുകിടന്നു. കൊലപാതകമാണോയെന്നതിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



'നിന്‍റെ പേര് മുഹമ്മദ് എന്നല്ലേ?, ആധാർ കാണിക്കൂ' എന്ന് ചോദിച്ച് മാനസിക വെല്ലുവിളി നേരിടുന്ന 65 വയസ്സുകാരനായ ഭൻവർലാൽ ജെയ്നിനെ തുടർച്ചയായി ഒരാൾ അടിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. അക്രമി ദിനേശ് കുശ്വാഹ എന്നയാളാണെന്ന് തിരിച്ചറിഞ്ഞു. ഇയാൾ ബി.ജെ.പി മുൻ കോർപറേഷൻ അംഗത്തിന്‍റെ ഭർത്താവാണ്.

ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന ജെയ്നിനെ കുശ്വാഹ തുടർച്ചയായി അടിക്കുകയും കൈ തിരിക്കുകയും ചെയ്യുന്നുണ്ട്. ഭയന്ന ജെയ്‍ൻ പണം നൽകാൻ ശ്രമിക്കുകയും കുശ്വാഹ ചെവിക്കും കവിളത്തുമായി വീണ്ടും അടിക്കുകയും ചെയ്യുന്നുണ്ട്.

രാജസ്ഥാനിൽ മതപരമായ ചടങ്ങിന് പോയ ഭൻവർലാൽ ജെയ്നിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇയാൾ രത്ലം ജില്ലക്കാരനാണ്. വീട്ടുകാർ പൊലിസിൽ പരാതി കൊടുത്തതിനെ തുടർന്ന് അന്വേഷണം നടക്കുമ്പോഴാണ് ജെയ്നിനെ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീഡിയോ കണ്ട വീട്ടുകാർ കുശ്വാഹയുടെ അറസ്റ്റ് ഉടൻ ആവശ്യപ്പെട്ട് കേസ് നൽകിയിട്ടുണ്ട്.

കൊലപാതകം അടക്കം കുറ്റങ്ങൾ ചുമത്തി സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര സഹമന്ത്രി നരോട്ടം മിശ്ര അറിയിച്ചു.

സംഭവത്തിൽ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബി.ജെ.പി വെറുപ്പ് ആളിക്കത്തിക്കുകയാണ് -കോൺഗ്രസ് എം.എൽ.എ ജിതു പട്വാരി പറഞ്ഞു. ഇതിൽ നടപടി ഉണ്ടാകുമോ എന്ന് കണ്ടറിയണമെന്നും മുതിർന്ന നേതാവ് ദിഗ്വിജയ സിങ് ആശങ്കയറിയിച്ചു.

എന്നാൽ തെറ്റ് ആര് ചെയ്താലും അയാൾ കുറ്റക്കാരനാണെന്നും അതിൽ പാർട്ടി നോക്കില്ലെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി രജ്നീഷ് അഗർവാൾ പ്രതികരിച്ചു.

Tags:    
News Summary - "Is Your Name Mohammed?": Mentally Ill Man Thrashed, Later Found Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.