ഇസ്‌ലാമിക പണ്ഡിതൻ മൗലാനാ കലീം സിദ്ദീഖിക്ക് 562 ദിവസത്തിനുശേഷം ജാമ്യം

അലഹബാദ്: മതപരിവർത്തന നിരോധന നിയമപ്രകാരം യു.പി ഭരണകൂടം ജയിലിലടച്ച പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മൗലാനാ കലീം സിദ്ദീഖിക്ക് ജാമ്യം. 562 ദിവസങ്ങൾക്ക് ശേഷമാണ് അലഹബാദ് ഹൈകോടതി സിദ്ദീഖിക്ക് ജാമ്യം അനുവദിച്ചത്.

2021 സെപ്റ്റംബർ 22ന് യു.പി ഭീകരവിരുദ്ധ സേനയാണ് മീററ്റിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. 'നിയമവിരുദ്ധ മതപരിവർത്തന റാക്കറ്റിലെ' കണ്ണി എന്നാരോപിച്ചാണ് സിദ്ദീഖിയെ കസ്റ്റഡിയിലെടുത്തത്. മതപരിവര്‍ത്തനത്തിനായി വന്‍തോതില്‍ വിദേശപണം സ്വീകരിച്ചെന്നും എ.ടി.എസ് ആരോപിക്കുന്നു.

2020ലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന (420), ക്രിമിനൽ ഗൂഢാലോചന (120ബി), വ്യത്യസ്ത മത-സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ (153എ, 153ബി) തുടങ്ങിയ വകുപ്പുകളാണ് സിദ്ദീഖിക്കെതിരെ ചുമത്തിയിട്ടുള്ളത്.

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ അറിയപ്പെടുന്ന മതപണ്ഡിതനായ സിദ്ദീഖി ഗ്ലോബൽ പീസ് സെന്റർ, ജാമിഅ ഇമാം വലിയുള്ള ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്‍റാണ്. സിദ്ദീഖിക്ക് വേണ്ടി അഭിഭാഷകരായ എസ്.എം. റഹ്‌മാൻ ഫൈസ്, ബ്രിജ് മോഹൻ സഹായ്, സിയാഉൽ ഖയ്യൂം ജീലാനി എന്നിവർ കോടതിയിൽ ഹാജരായി.

Tags:    
News Summary - Islamic scholar Maulana Kaleem Siddiqui gets bail after 562 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.