ഗുജറാത്തിൽ ഇസുദാൻ ഗധ്‍വി 'ആപ്' മുഖ്യമന്ത്രി സ്ഥാനാർഥി

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ ടി.വി അവതാരകനും മാധ്യമപ്രവർത്തകനുമായ ഇസുദാൻ ഗധ്‍വി (40) ആം ആദ്മി പാർട്ടിയുടെ (ആപ്) മുഖ്യമന്ത്രി സ്ഥാനാർഥി. ഡൽഹി മുഖ്യമന്ത്രിയും 'ആപ്' ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

ജനങ്ങൾക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂെടയാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് കെജ്രിവാൾ അറിയിച്ചു. 73 ശതമാനം പേർ ഇസുദാൻ ഗധ്‍വിക്ക് അനുകൂലമായി വോട്ട്ചെയ്തു. 16 ലക്ഷം പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. പാർട്ടി സംസ്ഥാന പ്രസിഡന്റ് ഗോപാൽ ഇട്ടാലിയ രണ്ടാമതായി. കർഷക കുടുംബത്തിൽ ജനിച്ച ഇസുദാൻ ഗധ്‍വി ദ്വാരക ജില്ലക്കാരനാണ്. നിലവിൽ പാർട്ടിയുടെ ദേശീയ ജോയന്റ് ജനറൽ സെക്രട്ടറിയാണ് ഗധ്‍വി.

സംസ്ഥാനത്ത് ആര് മുഖ്യമന്ത്രിയാവണമെന്ന് എസ്.എം.എസ്, വാട്സ്ആപ്, വോയ്സ് മെയിൽ, ഇ-മെയിൽ എന്നിവ മുഖേന അറിയിക്കണമെന്ന് കഴിഞ്ഞ ആഴ്ച അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു.

അഭിപ്രായമറിയിക്കാൻ നവംബർ മൂന്നു വരെയാണ് സമയം അനുവദിച്ചത്. നാലാം തീയതി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. പഞ്ചാബ് നിയമസഭ തെരെഞ്ഞടുപ്പിൽ ഭഗവന്ത് മന്നിനെ അഭിപ്രായ വോട്ടെടുപ്പിലൂെടയാണ് മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പഞ്ചാബിൽ മികച്ച വിജയം നേടിയാണ് 'ആപ്' അധികാരത്തിലെത്തിയത്.

ഗുജറാത്തിലും ശക്തമായ മത്സരത്തിനാണ് ആം ആദ്മി പാർട്ടി രംഗത്തിറങ്ങുന്നത്. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും.

Tags:    
News Summary - Isudan Gadhvi is AAP's chief minister candidate for Gujarat polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.