'രാജ്യത്തെ ഏത് മുസ്ലിം കുടുംബത്തിനും നാളെ ഇത് തന്നെ സംഭവിക്കാം'

ന്യൂഡൽഹി: കേൾക്കുന്നത് ദുസ്വപ്നം മാത്രമായിരുന്നുവെങ്കിൽ... വീട് പൊളിക്കുന്നതിന് മുമ്പ് ജെ.എൻ.യു ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമയെ ഫോണിലൂടെ ബന്ധപ്പെട്ട 'ആർട്ടിക്ൾ 14' എന്ന ഓൺലൈൻ മാധ്യമത്തോട് പറഞ്ഞതാണിത്. എന്നാൽ മണിക്കൂറുകൾക്കകം അഫ്രീൻ ഫാത്തിമ പേടിച്ചത് തന്നെ സംഭവിച്ചു. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച മുസ്ലിംകളുടെ വീടുകൾ യു.പി സർക്കാർ തകർത്തെറിഞ്ഞു. പ്രയാഗ് രാജ് (അലഹബാദ്) പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുകയും അറസ്റ്റിലാകുകയും ചെയ്ത പൗര പ്രമുഖനും വെൽഫയൽ പാർട്ടി നേതാവും അഫ്രീനിന്റെ പിതാവുമായ ജാവേദ് മുഹമ്മദിന്റെ വീട് ഉൾപ്പടെ അധികൃതർ തകർത്തു.

രാജ്യത്തെ ഏതൊരു മുസ്ലിം കുടുംബത്തിനുമെതിരെ ഇത്തരം നടപടികൾ ഇനിയും ഉണ്ടാകുമെന്ന് പിന്നീട് അഫ്രീൻ ഇതേ മാധ്യമത്തോട് പ്രതികരിച്ചു.

അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചാണ് ജാവേദ് അഹ്മദിന്റെ വീട് പൊളിച്ചത്. വീട് പൊളിക്കുകയാണെന്നും 11 മണിക്ക് മുമ്പായി ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട് നേര​ത്തെ പ്രാദേശിക ഭരണകൂടം നോട്ടീസ് നൽകിയിരുന്നു. പുലർച്ചെ മുതൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർ ജാവേദിന്റെ വീടിനു മുന്നിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. പ്രയാഗ് രാജിലെ ആക്രമണത്തിൽ പങ്കുണ്ടെന്നാരോപിച്ചാണ് ജാവേദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന്റെ സൂത്രധാരനാണ് ജാവേദ് മുഹമ്മദ് എന്നാണ് പൊലീസ് ആരോപിച്ചത്. കഴിഞ്ഞ ദിവസം അർധരാത്രിയിലായിരുന്നു ഇദ്ദേഹത്തെയും ഭാര്യയെയും മകളെയും അടക്കം 60 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വാറന്റില്ലാതെയാണ് ജാവേദിനെ കസ്റ്റഡിയിലെടുത്തതെന്നും പാതിരാത്രിയാണ് സ്ത്രീകളടക്കമുള്ളവരെ പൊലീസ് കൊണ്ടുപോയതെന്നും കുടുംബം ആരോപിച്ചിരുന്നു. നിയമവിരുദ്ധമായ കസ്റ്റഡിയെന്നു കാണിച്ച് അഫ്രീൻ ഫാത്തിമ ദേശീയ വനിത കമീഷന് പരാതി നൽകിയിട്ടുണ്ട്. അറിയിപ്പോ വാറന്‍റോ ഒന്നുമില്ലാതെ എത്തിയ അലഹബാദ് പൊലീസ് കുടുംബത്തെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയായിരുന്നു എന്ന് അഫ്രീന്‍ ദേശീയ വനിതാ കമീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

'അലഹബാദ് പൊലീസ് ഇന്നലെ രാത്രി അന്യായമായി പിടിച്ചു കൊണ്ടുപോയ എന്‍റെ പിതാവ് ജാവേദ് മുഹമ്മദ്, അമ്മ പർവീൺ ഫാത്തിമ, സഹോദരി സുമയ്യ ഫാത്തിമ എന്നിവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയോടെയാണ് ഇതെഴുതുന്നത്, യാതൊരുവിധ അറിയിപ്പോ, വാറന്‍റോ കൂടാതെയാണ് പൊലീസ് എന്‍റെ കുടുബത്തെ പിടിച്ചു കൊണ്ടുപോയത്, അവരെവിടെയാണെന്ന് കണ്ടെത്താൻ ഇതുവരെ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല''. അ​ഫ്രീൻ പരാതിയിൽ വിവരിക്കുന്നു.

ജാവേദും മകൾ അഫ്രീനും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് യു.പി പൊലീസ് ആരോപിച്ചു. ജെ.എൻ.യുവിൽ പഠിക്കുന്ന അ​ഫ്രീൻ കുപ്രസിദ്ധയാണെന്ന് പ്രയാഗ്രാജ് എസ്.എസ്.പി പരിഹസിച്ചു. അലിഗഢ് യൂണിവേഴ്സിറ്റി യൂനിയന്‍ മുന്‍ പ്രസിഡന്‍റും നിലവിലെ ജെ.എന്‍.യു യൂനിയന്‍ കൗണ്‍സിലറുമാണ് അഫ്രീന്‍ ഫാത്തിമ. നിലവില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്‍റിന്റെ ദേശീയ സെക്രട്ടറി കൂടിയാണ് അഫ്രീൻ.

Tags:    
News Summary - It Could Happen To Any Muslim Family Says Afreen Fatima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.