ന്യൂഡല്‍ഹി: കാറിനുള്ളിൽ ഒറ്റക്ക് യാത്രചെയ്യുമ്പോൾ മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാർ നിര്‍ബന്ധം പിടിക്കുന്നത് അസംബന്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഈ നിയമം ഇപ്പോഴും നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ് മനസിലാകുന്നില്ലെന്നും സ്വന്തം കാറിലിരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് പറയുന്നത് തീർത്തും അസംബന്ധമാണെന്നും ഡൽഹി ഹൈകോടതി പറഞ്ഞു. ജസ്റ്റിസ് വിപിന്‍ സങ്കിയും ജസ്റ്റിസ് ജസ്മീത് സിങ്ങും അടങ്ങുന്ന ബെഞ്ചാണ് സർക്കാറിനെതിരെ പരാമർശങ്ങൾ ഉന്നയിച്ചത്.
ദയവായി നിർദേശങ്ങൾ സ്വീകരിക്കുക. എന്തുകൊണ്ടാണ് ഈ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നത് ?. യഥാർഥത്തിൽ അത് അസംബന്ധമാണ്. നിങ്ങൾ നിങ്ങളുടെ സ്വന്തം കാറിലാണ് ഇരിക്കുന്നത്, നിങ്ങൾ മാസ്ക് ധരിക്കേണ്ടതുണ്ടോയെന്ന് കോടതി ചോദിച്ചു.ഡൽഹിയിലെ കോവിഡ് വ്യാപനത്തെ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോൾ സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാഹുൽ മെഹ്റ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് ഡൽഹി ഹൈകോടതിയിൽ നിന്നും നിർണായക നിരീക്ഷണങ്ങളുണ്ടായത്.
എന്നാൽ, ഇക്കാര്യത്തിൽ വാഹനത്തിൽ ഒറ്റക്ക് സഞ്ചരിക്കുമ്പോൾ മാസ്ക് ധരിക്കണമെന്ന ഡൽഹി സർക്കാർ തീരുമാനത്തിൽ ഇടപെടാൻ ഹൈകോടതി സിംഗിൾ ബെഞ്ച് വിസമ്മതിച്ചുവെന്ന കാര്യം ഡൽഹി സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോവിഡിൽ അന്നത്തെ സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളത്. ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാവുന്നതാണെന്നും സർക്കാറിനെ പ്രതിനിധീകരിച്ച അഡ്വക്കറ്റ് രാഹുൽ മെഹ്റ പറഞ്ഞു.
ആളുകൾ തനിച്ചായിരിക്കുമ്പോൾ കാറിൽ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും ആരോഗ്യം സംസ്ഥാന വിഷയമാണെന്നും ഡൽഹി സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോടതിയെ അറിയിച്ചിരുന്നു.
കാറിനുള്ളിൽ സഞ്ചരിക്കുമ്പോൾ മാസ്ക് ധരിക്കണമെന്ന ഉത്തരവിനെതിരെ നാല് അഭിഭാഷകരാണ് കഴിഞ്ഞ വർഷം ഡൽഹി ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് നിർബന്ധമാണെന്ന് വ്യക്തമാക്കി ഡൽഹി ഹൈകോടതി സിംഗിൾ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.