ചെന്നൈ: കേന്ദ്രസർക്കാറിനെ യൂണിയൻ ഭരണകൂടം എന്നുവിളിക്കുന്നതിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതൽ കേന്ദ്ര സർക്കാരിനെ യൂനിയൻ ഭരണകൂടം എന്നാണ് എംകെ സ്റ്റാലിൻ അഭിസംബോധന ചെയ്തുവരുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല കോണുകളിൽനിന്നും അഭിപ്രായങ്ങളും ഉയർന്നിരുന്നു. എന്നാൽ, വിഷയത്തിൽ നിയമസഭയിൽ തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റാലിൻ.
കേന്ദ്രത്തെ യൂനിയൻ ഭരണകൂടം എന്ന് സൂചിപ്പിക്കുന്നത് ഒരു സാമൂഹിക കുറ്റകൃത്യമല്ല. യൂനിയൻ എന്ന വാക്കിനെ ഭയക്കേണ്ടതില്ല. ഫെഡറൽ തത്വങ്ങളെയാണ് ആ വാക്ക് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങളത് ഉപയോഗിക്കുന്നത്. ഇനിയും അതു തന്നെ ഉപയോഗിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
നിയമസഭയിൽ ബി.ജെ.പി എം.എൽ.എ നൈനാർ നാഗേന്ദ്രന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിൻ. ഭരണഘടനയുടെ ആദ്യ വരിയിൽ തന്നെ ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയാണെന്നാണ് പറയുന്നത്. ഭരണഘടനയിൽ എഴുതിവച്ചത് പിന്തുടരുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അണ്ണാദുരെയോ കരുണാനിധിയോ മാത്രമല്ല. ഡി.എം.കെ.യുടെ 1057ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പോലും യൂമിയൻ ഭരണകൂടം എന്നാണ് എഴുതിവെച്ചിരിക്കുന്നത്. അണ്ണാദുരൈ 1963യിലെ രാജ്യസഭയിലെ പ്രസംഗത്തിൽ പോലും അങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സ്റ്റാലിൻ ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.