ന്യൂഡൽഹി: കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളുടെയും ഇന്‍റർനെറ്റ് ഉള്ളടക്കങ്ങളുടെയും വസ്തുതാ പരിശോധിച്ച് നടപടി എടുക്കുന്നതിന് രൂപവത്കരിച്ച ഫാക്ട് ചെക്ക് യൂനിറ്റ് ഭരണഘടനാവിരുദ്ധമാണെന്ന് ബോംബെ ഹൈകോടതി.
ഫാക്ട് ചെക്ക് യൂനിറ്റ് രൂപവത്കരിക്കാനായി ഐ.ടി ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതിയും കോടതി റദ്ദാക്കി. ഐ.ടി ചട്ടങ്ങളിലെ ഭേദഗതി 2023ലെ റൂൾ 3(1)(ബി)(v) പ്രകാരം ഫാക്ട് ചെക്ക് യൂനിറ്റ് സ്ഥാപിക്കാനും സർക്കാറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ അടക്കം വരുന്ന വാർത്തകൾ പരിശോധിച്ച് വ്യാജമോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആണെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കാനും കേന്ദ്ര സർക്കാറിന് അധികാരം ലഭിച്ചിരുന്നു. ഐ.ടി ചട്ടങ്ങളിൽ 2023ൽ കൊണ്ടുവന്ന ഭേദഗതി ഭരണഘടനയുടെ 14, 19 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ജസ്റ്റിസ് അതുൽ എസ്. ചന്ദ്രുക്കർ വിധിച്ചു. ഭേദഗതി ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ ബോംബെ ഹൈകോടതിയിലെ ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാരായ ജി.എസ്. പട്ടേൽ, നീല ഗോഖലെ എന്നിവർ ഭിന്നവിധിയാണ് പ്രസ്താവിച്ചിരുന്നത്.
തുടർന്നാണ് ജസ്റ്റിസ് ചന്ദ്രുക്കറിനെ കേസിലെ ടൈ ബ്രേക്കർ ജഡ്ജിയായി നിയമിച്ചത്. കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട വാർത്തകളോ, ഉള്ളടക്കമോ സർക്കാറിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യാജമെന്നു മുദ്രകുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ടിവരുന്ന തരത്തിലായിരുന്നു ഫാക്ട് ചെക്ക് യൂനിറ്റിന്റെ പ്രവർത്തനം. ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സർക്കാറിന് സാധിക്കും.
ഫാക്ട് ചെക്ക് യൂനിറ്റ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം നേരത്തെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാപരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്ര എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.