പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള സെൽഫി പങ്കുവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. 'നല്ല സുഹൃത്തുക്കൾ കോപ് 28ൽ' എന്ന അടിക്കുറിപ്പോടെയാണ് മോദിക്കൊപ്പമുള്ള സെൽഫി സമൂഹ മാധ്യമമായ എക്സിൽ മെലോണി പങ്കുവെച്ചത്. കൂടാതെ 'മെലഡി' എന്ന ഹാഷ് ടാഗും ഒപ്പം നൽകിയിട്ടുണ്ട്.
യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) പങ്കെടുക്കാൻ ദുബൈയിൽ എത്തിയപ്പോഴാണ് മോദിമൊത്തുള്ള സെൽഫി ജോർജിയ മെലോണി പകർത്തിയത്. മുമ്പ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി മെലോണി ഇന്ത്യയിൽ എത്തിയിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിനും ബെനിറ്റോ മുസോളിനിക്കും ശേഷം അധികാരത്തിലേറുന്ന തീവ്ര വലതുപക്ഷ, ദേശീയവാദ സർക്കാരാണ് 45കാരിയായ ജോർജിയ മെലോണിയുടേത്. ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി (ഫ്രാറ്റെല്ലി ഡി ഇറ്റാലിയ) നേതാവായ മെലോണിയുടെ ആരാധ്യപുരുഷൻ ഇറ്റാലിയൻ ഏകാധിപതിയും ഫാഷിസത്തിന്‍റെ സ്ഥാപകനുമായ ബെന്നിറ്റോ മുസോളിനിയാണ്.
2018ലെ പൊതു തെരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ട് മാത്രമാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടിക്ക് നേടാനായത്. നാല് ശതാമനം പിന്തുണയിൽ നിന്ന് 25 ശതമാനത്തിലേക്ക് പാർട്ടിയെ എത്തിക്കുന്നതിൽ മെലോണി വിജയിച്ചതാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ സ്ഥാനമൊഴിയുന്ന സർക്കാരിനെ പിന്തുണക്കാതെ പ്രതിപക്ഷത്ത് ഉറച്ചു നിൽക്കാനുള്ള തീരുമാനമാണ് മെലോണിക്ക് വലിയ ജനപിന്തുണ നേടിക്കൊടുത്തതെന്നാണ് വിലയിരുത്തൽ.
ബെനിറ്റോ മുസോളിനിയുടെ ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിലെ ഗൃഹാതുരത്വമുള്ള മുൻ അംഗങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സ്ഥാപിച്ച പാർട്ടിയായ മൊവിമെന്റോ സോഷ്യലി ഇറ്റാലിയാനോയുടെ (എം.എസ്.ഐ) യുവജന വിഭാഗത്തിൽ ചേരുമ്പോൾ 1977ൽ ജനിച്ച മെലോണിക്ക് 15 വയസായിരുന്നു. ആദ്യത്തെ മകളായ അരിയാനയെ പ്രസവിച്ച് ഒന്നര വർഷത്തിന് ശേഷമാണ് മെലോണിയയെ അമ്മ പ്രസവിക്കുന്നത്. അന്ന് അമ്മക്ക് കേവലം 23 വയസായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അമ്മ നിരവധി ജോലികൾ ചെയ്തു. കൗമാരപ്രായത്തിൽ മെലോണിയും ജോലിക്ക് പോയിത്തുടങ്ങി. പ്രശസ്ത പൈപ്പർ ക്ലബ്ബിലെ ബാർട്ടിങ് മുതൽ ബേബി സിറ്റിങ് വരെ.
വടക്കൻ റോമിലെ ഒരു സമ്പന്ന പ്രദേശത്ത് നിന്നുള്ള അക്കൗണ്ടന്റായിരുന്നു പിതാവ്. വലിയ ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലാത്ത പിതാവ് അലഞ്ഞു തിരിഞ്ഞുനടന്നു. മെലോണി തന്റെ 11-ാം വയസിൽ ഇനി പിതാവിനെ കാണേണ്ടതില്ലെന്ന് തീരുമാനിച്ചു. വിദ്യാർഥി സംഘടനകളെ അണിനിരത്തുന്നതിലും ഏകോപിപ്പിക്കുന്നതിലും മെലോണി മികവ് പുലർത്തി. 1995ൽ എം.എസ്.ഐ നാഷനൽ അലയൻസ് ആയി രൂപാന്തരപ്പെട്ടു.
പാർട്ടി അതിന്റെ ഫാസിസ്റ്റ് വേരുകൾ ഉപേക്ഷിച്ച് യാഥാസ്ഥിതിക വലതുപക്ഷ ദേശീയ പാർട്ടിയായി സ്വയം പുനർനാമകരണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു പേരുമാറ്റം. ഏതാനും വർഷങ്ങൾക്കുള്ളിൽ, മെലോണി എ.എന്നിന്റെ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി. 29 വയസായപ്പോൾ അവർ പാർലമെന്റിലും എത്തി. ഫോർസ ഇറ്റാലിയയുമായി സഖ്യമുണ്ടാക്കിയ എ.എൻ, പിന്നീട് അധികാരം നേടിയ സഖ്യത്തിൽ ലയിച്ചു. 2008ൽ മെലോണിയെ യുവജന വകുപ്പിന്റെ ചുമതലയുള്ള ഇറ്റലിയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി പ്രധാനമന്ത്രി ബെർലുസ്കോണി നിയമിച്ചു.
മുസ്‍ലിംകളോടും ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവും വെച്ചുപുലർത്തുന്ന മെലോണി വലിയ വേദികളിലൊക്കെ തന്റെ തീവ്രവാദ അഭിപ്രായങ്ങൾ തുറന്നുപറയാറുണ്ട്. യൂറോപ്യൻ യൂനിയന്റെ കടുത്ത വിമർശക കൂടിയാണ് മെലോണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.