മുംബൈ: ജിതേന്ദ്ര അവ്ഹാദിനെ മഹാരാഷ്ട്ര നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത നടപടിക്കെതിരായ കോൺഗ്രസ് എതിർപ്പിന് മറുപടിയുമായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന കോൺഗ്രസിന്‍റെ അവകാശവാദം ന്യായമെന്ന് ശരദ് പവാർ പ്രതികരിച്ചു.
പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിക്ക് നേതൃസ്ഥാനം ആവശ്യപ്പെടാം. നിലവിൽ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ് ആണ്. നേതൃസ്ഥാനം വേണമെന്ന കോൺഗ്രസിന്‍റെ അവകാശവാദം ന്യായമാണ് -ശരദ് പവാർ വ്യക്തമാക്കി.
അജിത് പവാറിന്‍റെ പക്ഷത്തുള്ള പലരും തന്നെ വിളിച്ചിരുന്നു. അവരിൽ ഭൂരിഭാഗവും എൻ.സി.പിയുടെ യഥാർഥ പ്രത്യയശാസ്ത്രത്തിനും നയങ്ങൾക്കും ഒപ്പമാണ്. ശരിയായ സമയത്ത് അവർ നിലപാട് പ്രഖ്യാപിക്കും.
ശക്തി തെളിയിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ചിലപ്പോൾ ശക്തി കൂടും, ചിലപ്പോൾ കുറയും. 1980ലും ഞാൻ സമാന സ്ഥിതി അഭിമുഖീകരിച്ചു. അന്ന് 59 എം.എൽ.എമാരിൽ അഞ്ചു പേർ മാത്രമേ അവശേഷിച്ചത്. പക്ഷേ, ഞാൻ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തി. പാർട്ടി വിട്ടവർ അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു -ശരദ് പവാർ ചൂണ്ടിക്കാട്ടി.
ജിതേന്ദ്ര അവ്ഹാദിനെ മഹാരാഷ്ട്ര നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത എൻ.സി.പി നടപടിയിലാണ് പരസ്യ പ്രതിഷേധം കോൺഗ്രസ് പ്രകടിപ്പിച്ചത്. നിയമസഭയിലെ അംഗബലം കോൺഗ്രസിനായതിനാൽ എൻ.സി.പി തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് കക്ഷി നേതാവ് ബാലാസാഹിബ് തൊറോട്ട് വ്യക്തമാക്കിയത്.
53 സീറ്റുമായി സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന എൻ.സി.പി, പിളർപ്പിന് പിന്നാലെ ശരദ് പവാർ പക്ഷത്തിന് 20 എം.എൽ.എമാരുടെ പിന്തുണ മാത്രമാണുള്ളത്. എന്നാൽ, അജിത് പവാർ പാർട്ടിയെ പിളർത്തി ബി.ജെ.പി-ഷിൻഡെ സർക്കാറിൽ ഉപമുഖ്യമന്ത്രിയായതോടെ ജിതേന്ദ്ര അവ്ഹാദിനെ പുതിയ പ്രതിപക്ഷ നേതാവായി ശരദ് പവാർ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, 44 എം.എൽ.എമാർ കോൺഗ്രസിനുണ്ട്.
മഹാവികാസ് അഗാഡിയിൽ ചർച്ച ചെയ്യാതെ പ്രതിപക്ഷ നേതാവിനെ എൻ.സി.പി ഒറ്റക്ക് പ്രഖ്യാപിച്ചതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. അതേസമയം, വിഷയത്തിൽ തുടർനടപടി ചർച്ച ചെയ്യാൻ കോൺഗ്രസ് ഇന്ന് നേതൃയോഗം വിളിച്ചിട്ടുണ്ട്. കൂടാതെ മഹാവികാസ് അഗാഡിയിൽ വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.