ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽനിന്ന് പുതിയ കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കില്ലെന്ന് വ്യക്തമായതായും അതിനാൽ പ്രക്ഷോഭം കടുപ്പിക്കുമെന്നും കർഷക സംഘടനകൾ. കാർഷിക നിയമം പിൻവലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം. പ്രധാനമന്ത്രിയുടെ പ്രസംഗം ഇതാണ് വ്യക്തമാക്കുന്നതെന്നും ബി.കെ.യു ജനറൽ സെക്രട്ടറിയും ആൾ ഇന്ത്യ കിസാൻ സംഘർഷിന്‍റെ വർക്കിങ് കമ്മിറ്റി അംഗവുമായ ജഗ്മോഹൻ സിങ് പറഞ്ഞു.
'നിയമം പിൻവലിക്കാതെ ഡൽഹി അതിർത്തിയിലെ പ്രക്ഷോഭം പിൻവലിക്കില്ല. ജനാധിപത്യവിരുദ്ധമായ വഴികൾ സ്വീകരിക്കുന്നതിന് എതിരെയാണ് ഞങ്ങളുടെ പ്രക്ഷോഭം. ആദ്യം, കർഷകരുടെ അഭിപ്രായം ചോദിക്കാതെ അവർ നിയമമുണ്ടാക്കി, പിന്നീട് അവർ പറയുന്നു ആ നിയമം കർഷകർക്ക് വേണ്ടിയെന്ന്. ഭേദഗതി വരുത്താനോ നിയമത്തിൽനിന്ന് പിൻമാറാനോ തയാറാവില്ലെന്നും വ്യക്തമാക്കുന്നു. അതിനാൽ എന്തുകൊണ്ട് ആദ്യം ഇത്തരം നിയമങ്ങൾ നിർമിച്ചു?' -ജഗ്മോഹൻ സിങ് ചോദിച്ചു.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് കർഷക സംഘടനകളുടെ നിലപാട്. മാസങ്ങളോളം പ്രക്ഷോഭം തുടരാനുള്ള തയാറെടുപ്പിലാണ് ഡൽഹി അതിർത്തികളിലെത്തിയതെന്ന് കർഷക സംഘടനകൾ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, കർഷക സംഘടനകളെ ഭിന്നിപ്പിച്ച് പ്രക്ഷോഭം ഇല്ലാതാക്കാനായുള്ള നീക്കത്തിലായിരുന്നു കേന്ദ്രം. ഒരു കാരണവശാലും പ്രക്ഷോഭത്തിൽനിന്ന് പിൻമാറില്ലെന്ന നിലപാട് കർഷകർ സ്വീകരിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരെ അഭിസംബോധന ചെയ്ത് വെള്ളിയാഴ്ച സംസാരിച്ചിരുന്നു. കർഷകരെ പ്രതിപക്ഷപാർട്ടികൾ തെറ്റിദ്ധരിപ്പിക്കുകയും അവർക്കിടയിൽ നുണയും കിംവദന്തികളും പരത്തുകയാെണന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ആറുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കെപ്പട്ട കർഷകരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. പ്രസംഗത്തിൽ കർഷക സമരത്തെക്കുറിച്ച് മോദി മൗനം പാലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.