ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കേ, മതം മാനദണ്ഡമാക്കി പൗരത്വം അനുവദിക്കാൻ കേന്ദ്ര സർക്കാർ ഈയിടെ പുറത്തിറക്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നൽകിയ അപേക്ഷ ചൊവ്വാഴ്ച പരിഗണനക്ക്. അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരിൽ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം നൽകാനാണ് സർക്കാർ ഇറക്കിയ ഉത്തരവ്. അഞ്ചു സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ കഴിയുന്നവർക്കാണ് ഇത്തരത്തിൽ പൗരത്വം നൽകുന്നത്.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യം എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്. സ്റ്റേ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ലീഗിനുവേണ്ടി അഡ്വ. ഹാരിസ് ബീരാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണക്ക് കത്ത് നൽകിയിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിക്കുേമ്പാൾ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ലീഗിന് വേണ്ടി ഹാജരാകും. മതം അടിസ്ഥാനപ്പെടുത്തി പൗരത്വം അനുവദിക്കുന്നത് തുല്യതക്ക് എതിരും ഭരണഘടന വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ അപേക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.