കൊൽക്കത്ത: ജാദവ്പൂർ സർവകലാശാലയിലെ 44 കാരനായ പ്രൊഫസറെ ഉത്തരാഖണ്ഡിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച മൈനക് പാലിന് കൈയിലും കഴുത്തിലും മുറിവേറ്റിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
മൈനക് പാൽ സുഹൃത്തുക്കളോടൊപ്പം ഉത്തരാഖണ്ഡിലേക്ക് യാത്ര പോയതായിരുന്നു. എന്നാൽ അതിനിടയിൽ തനിച്ച് കൊൽക്കത്തയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ വീട്ടിലേക്ക് ട്രെയിൻ കയറാനായി ലാൽകുവാനിലെ ഹോട്ടലിൽ റൂം എടുത്തു.
മകളെ കാണാൻ തോന്നുന്നെന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഇയാൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാൽ, വെള്ളിയാഴ്ച വൈകിട്ട് മൈനികിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ വീട്ടുകാർ ഹോട്ടലുമായി ബന്ധപ്പെട്ടു. തുടർന്ന് ഹോട്ടൽ ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് കുളിമുറിയിൽ മൃതദേഹം കണ്ടത്. കൈകളിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. തറയിൽ രക്തം ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
പ്രസിഡൻസി കോളജിലെ പൂർവ്വ വിദ്യാർഥിയായിരുന്ന അദ്ദേഹം പശ്ചിമ ബംഗാളിലെ രണ്ട് സർക്കാർ കോളജുകളിൽ ജോലി ചെയ്തിട്ടുണ്ട്. പിന്നീട് പ്രസിഡൻസി യൂനിവേഴ്സിറ്റിയിൽ അധ്യാപകനായി. 2022ലാണ് ജാദവ്പൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.