ആർ.എസ്.എസിന്റെ വിഭജന രാഷ്ട്രീയത്തെ പാർലമെന്റിൽ തുറന്നെതിർത്ത് തമിഴ്നാട് എം.പി ഡോ. തോൽ തിരുമാവളവാൻ. ആർ.എസ്.എസ് ആശയങ്ങൾ രാജ്യത്തെ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. മുസ്‍ലിംകളെ കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെടുന്നു. ഇതെല്ലാം കണ്ടിട്ടും രാജ്യത്തെ പ്രധാനമന്ത്രി മൗനം പാലിക്കുന്നു.
മുസ്‍ലിം പെൺകുട്ടികൾ അവരുടെ മൗലികാവകാശങ്ങൾക്കുവേണ്ടിയാണ് പോരാടിക്കൊണ്ടിരിക്കുന്നത്. ആർ.എസ്.എസുകാർ രാജ്യത്തെ ജനങ്ങളെ ഹിന്ദു, മുസ്‍ലിം, കൃസ്ത്യൻ എന്നിങ്ങനെ വിഭജിക്കുകയാണ്. അവർതന്നെ ഹിന്ദുക്കളെ വിവിധ ജാതികളായും വിഭജിക്കുന്നു. വിഭജന വാദികൾ ജയ്ശ്രീരാം എന്നുപറഞ്ഞ് മുന്നോട്ടുവരുമ്പോൾ അതിനെ നേരിടേണ്ടത് ജയ്ഭീം എന്നും അല്ലാഹുഅക്ബർ എന്നും വിളിച്ചുപറഞ്ഞാണെന്നും അദ്ദേഹം പറഞ്ഞു. അവസാനം പാർലമെന്റിൽ ജയ് ഭീമും അല്ലാഹു അക്ബറും ഒരുമിച്ച് മുഴക്കിയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ചിദംബരം മണ്ഡലത്തിൽ നിന്നുള്ള എം.പിയായ തോൽ തിരുമാവളവാൻ വിടുതലൈ ശിരുദൈകൾ കക്ഷി നേതാവാണ്.
അതേസമയം കർണാടകയിലെ ഹിജാബ് വിവാദം നിലവിൽ കോടതിയുടെ മുന്നിലാണ്. കേസിൽ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി തുടരാനാണ് കർണാടക ഹൈക്കോടതി നിർദേശം. കോളജുകൾ എത്രയും വേഗം തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതുവരെ മതാചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധം പിടിക്കരുതെന്നും കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുമ്പോൾ നടത്തുന്ന വാക്കാൽ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോടും ഹൈകോടതി നിർദേശിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച ഹൈകോടതി സിംഗിൾ ബെഞ്ച് കേസ് വിശാല ബെഞ്ചിന് വിടുകയായിരുന്നു.
അതേസമയം, കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും സംയമനം പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഭ്യർഥിച്ചു. രാഷ്ട്രീയക്കാരുൾപ്പടെ ആരും പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.