നാഗ്പുർ: മാവോവാദി കേസിൽ ശിക്ഷിക്കപ്പെട്ട് നാഗ്പുർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന, 90 ശതമാനത്തോളം ശാരീരികാവശതകളുള്ള പ്രഫ. ജി.എൻ. സായ്ബാബക്ക് തണുപ്പകറ്റാനുള്ള തൊപ്പിയടക്കമുള്ള സാധനങ്ങൾ നിഷേധിച്ചതായി പരാതി. അവശതകൾ കണക്കിലെടുത്ത് ബന്ധുക്കൾ എത്തിച്ചുനൽകിയതിൽ ഭൂരിഭാഗം വസ്തുക്കളും ജയിൽ അധികൃതർ മടക്കിയതായി അദ്ദേഹത്തിെൻറ അഭിഭാഷകൻ ആരോപിച്ചു.
ചക്രക്കസേരയിൽ കഴിയുന്ന അദ്ദേഹത്തിന് എത്തിച്ച 34 വസ്തുക്കളിൽ 13 എണ്ണമേ അധികൃതർ സ്വീകരിച്ചുള്ളൂ. അതേസമയം, ജയിലിൽ അനുവദനീയമായ സാധനങ്ങളെല്ലാം സ്വീകരിച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, ഫിസിയോതെറപ്പിക്ക് ആവശ്യമായ ഉപകരണം, രോമത്തൊപ്പി, നാപ്കിൻ, ടവലുകൾ, ടി ഷർട്ട്, വെള്ള പേപ്പറുകൾ, മൂന്നു പുസ്തകങ്ങൾ തുടങ്ങി നിരവധി സാധനങ്ങളാണ് മടക്കിയതെന്ന് അഭിഭാഷകൻ ആകാശ് സരോദെ ആരോപിച്ചു.
ബന്ധുക്കൾ എത്തിച്ചുതരുന്ന കുറച്ചു സാധനങ്ങൾ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി സായ്ബാബ കഴിഞ്ഞ മാസം ജയിൽ അധികാരികൾക്ക് അപേക്ഷ നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ എത്തിച്ചവയാണ് തിരസ്കരിച്ചത്. വിഷയത്തിൽ ജയിൽ സൂപ്രണ്ടിന് പരാതി അയച്ചുവെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.