ന്യൂഡൽഹി: യോഗയുടെ പ്രധാന പ്രചാരകൻ ആരെന്ന കാര്യത്തിൽ അന്താരാഷ്ട്ര യോഗദിനത്തിൽ തർക്കം. യോഗയുടെ ഉപാസകനും പ്രായോജകനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബി.ജെ.പി ഉയർത്തിക്കാട്ടുന്നതിനെതിരെ ശക്തമായ സന്ദേശവുമായാണ് ഇക്കുറി കോൺഗ്രസ് ഇറങ്ങിയത്.
ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തലകീഴായി നിന്ന് യോഗാഭ്യാസം നടത്തുന്നതിന്‍റെ ചിത്രം കോൺഗ്രസ് വക്താവ് ജയ്റാം രമേശ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. യോഗയെ ജനകീയമാക്കിയതിൽ നെഹ്റുവിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഇത്. യോഗയെ നെഹ്റു ദേശീയ നയത്തിന്‍റെ ഭാഗമാക്കിയെന്നും ജയ്റാം രമേശ് പറഞ്ഞു.
ഈ ട്വിറ്റർ സന്ദേശം ഷെയർ ചെയ്ത കോൺഗ്രസ് എം.പി ശശി തരൂർ, മോദി സർക്കാറിന്‍റെ സംഭാവനകൾകൂടി എടുത്തുപറഞ്ഞു. യോഗക്ക് ഐക്യരാഷ്ട്ര സഭ വഴി അന്താരാഷ്ട്ര പ്രചാരം നൽകിയ സർക്കാർ, പ്രധാനമന്ത്രി കാര്യാലയം, വിദേശകാര്യ മന്ത്രാലയം തുടങ്ങി മറ്റുള്ളവരെയും അംഗീകരിക്കണമെന്ന പരാമർശത്തോടെയായിരുന്നു ഇത്. ഏതുനിലക്കും യോഗക്ക് പ്രചാരവും അംഗീകാരവും കിട്ടുന്നത് വലിയ കാര്യമാണെന്നും തരൂർ പറഞ്ഞു.
യോഗ പ്രചാരണത്തിന്‍റെ ക്രെഡിറ്റ് ചോർത്തി നെഹ്റു കുടുംബത്തിന് സമ്മാനിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. നേരത്തേ യോഗയെ പരിഹസിച്ച കൂട്ടർ 2015ൽ അന്താരാഷ്ട്ര വേദികളിൽ യോഗ അംഗീകരിക്കപ്പെട്ടത് ആരുടെ പരിശ്രമം കൊണ്ടാണെന്ന് തിരിച്ചറിയണമെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു.
അന്താരാഷ്ട്ര യോഗദിനം പ്രമാണിച്ച് യു.എൻ ആസ്ഥാനത്ത് നടന്ന പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തപ്പോൾ, തലസ്ഥാനത്ത് പതിവുപോലെ യോഗക്കായി നിരവധി വേദികൾ സർക്കാർ സംഘടിപ്പിച്ചു. മന്ത്രാലയങ്ങൾ തോറും പരിപാടികൾ ഉണ്ടായിരുന്നു. പാർലമെന്‍റ് വളപ്പിൽ ലോക്സഭ സ്പീക്കർ ഓം ബിർലയുടെ നേതൃത്വത്തിലായിരുന്നു യോഗ ദിനാചരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.