ആർ.എസ്​.എസിന്‍റെ ജനസംഖ്യാ വാദം പൊളിച്ചടുക്കി​​​ ജയറാം രമേശ്​; ആർ.എസ്​.എസ്​ താത്വികന്‍റെ ജനസംഖ്യ നിയന്ത്രണ ബിൽ പിൻവലിച്ചു

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രിയും ആരോഗ്യ മന്ത്രിയും പുറത്തിറക്കിയ സാമ്പത്തിക സർവേയും ആരോഗ്യ സർവേ റിപ്പോർട്ടും വായിക്കാതെ ആർ.എസ്​.എസ്​ താത്വികൻ രാകേഷ്​ സിൻഹ രാജ്യസഭയിൽ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണത്തിനുള്ള സ്വകാര്യ ബിൽ ജയറാം രമേശ് പൊളിച്ചടുക്കി​. ഇന്ത്യയുടെ കുടുംബാസൂത്രണ പരിപാടി ലക്ഷ്യം കാണുന്നില്ലെന്ന കളവായ അനുമാനങ്ങളുമായി​ ജനസംഖ്യ ചർച്ച നടത്തുന്ന ആർ.എസ്​.എസ്​ താത്വികനെ അതിരൂക്ഷമായി വിമർശിച്ച ജയറാം രമേശ്​ ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ തിരിച്ചുവിട്ടല്ല ജനസംഖ്യാബോധവൽകരണം നടത്തേണ്ടതെന്ന്​ ​ബി.ജെ.പി അംഗങ്ങളെ ഓർമിപ്പിക്കുകയും ചെയ്തു.

സി.പി.ഐ നേതാവ്​ ബിനോയ്​ വിശ്വത്തിൽ നിന്നടക്കം വിമർശനമേറ്റുവാങ്ങിയ ബിൽ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ മറുപടിക്ക്​ ശേഷം സിൻഹ വോട്ടിനിടാതെ പിൻവലിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കിയ അഞ്ചാം കുടുംബാരോഗ്യ സർവേ വെളിപ്പെടുത്തുന്നത്​ ഇന്ത്യ ഇതിനകം തന്നെ സന്താനോൽപാദനം ചുരുക്കുന്ന കാര്യത്തിൽ ലക്ഷ്യം നേടിയിട്ടുണ്ട്​ എന്നാണ്​. അവശേഷിക്കുന്ന അഞ്ച്​ സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ്​, മധ്യപ്രദേശ്​, ഝാർഖണ്ഡ്​, രാജസ്ഥാൻ എന്നീ നാല്​ സംസ്ഥാനങ്ങൾ 2025ൽ ലക്ഷ്യത്തിലെത്താൻ പോകുകയാണ്​. ജനസംഖ്യ നിയന്ത്രണത്തിലെത്താൻ ഇനിയുമേറെ കാലം എടുക്കുന്ന രാജ്യ​ത്തെ ഏക സംസ്ഥാനം ബിഹാർ ആണ്​. അതും 2028ൽ ലക്ഷ്യത്തിലെത്തും.

1988ൽ കേരളമായിരുന്നു സന്താനോൽപാദന നിരക്കിൽ ലക്ഷ്യം കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം. 1993ൽ തമിഴ്​നാട്​ രണ്ടാം സംസ്ഥാനമായി. ഇന്നത്തെ അവസ്ഥ സിൻഹ അവതരിപ്പിച്ചതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്​ എന്നും ജനസംഖ്യയിൽ മറ്റു പ്രശ്നങ്ങളാണ്​ ഇന്ത്യ അനുഭവിക്കുന്നത്​ ​എന്നും ജയറാം തുടർന്നു.

ഇന്ത്യൻ ജനസംഖ്യയിൽ പ്രായമേറിയവർ കൂടുന്നതാണ്​ ഒന്നാമത്തെ പ്രശ്നം. 2011ൽ കേവലം എട്ടു ശതമാനം മാത്രമായിരുന്നു 60 വയസിന്​ മുകളിലുള്ള ഇന്ത്യക്കാർ. 2040ൽ​ കേരളത്തിലെ 28 ശതമാനം പേർ 60 വയസിന്​ മുകളിലുള്ളവരായി മാറും. ഇന്ത്യയൊട്ടുക്കും ഇത്​ 16 ശതമാനമാകും.

ഉത്തരേന്ത്യയിൽ ജനസംഖ്യ കൂടുന്നതും ദക്ഷിണേന്ത്യയിൽ കുറയുന്നതുമാണ്​ രണ്ടാമത്തെ പ്രശ്നം. 2030ാടെ ഉത്തർപ്രദേശ്​, ബിഹാർ, ഝാർഖണ്ഡ്​, രാജസ്ഥാൻ, മധ്യപ്രദേശ്​, ഒഡിഷ എന്നീ​ ആറ്​ സംസ്ഥാനങ്ങൾ ചേർന്നാൽ ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 60ശതമാനം ആകും. എല്ലാം ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഇന്ത്യയിൽ ജനപ്രാതിനിധ്യത്തിന്​ എന്തു സംഭവിക്കുമെന്ന്​ ജയറാം രമേശ്​ ചോദിച്ചു. കേന്ദ്രം സംസ്ഥാനങ്ങൾക്ക്​ പണം നൽകുന്നതും നീതി ആയോഗും ധനകമീഷനും എല്ലാം പദ്ധതികൾ നടപ്പാക്കുന്നതും ജനസംഖ്യാടിസ്ഥാനത്തിലാണ്​.

കുടുംബാസൂ​ത്രണത്തിൽ ഇന്ത്യക്ക്​ വഴി കാണിച്ച കേരളത്തെയും​ തമിഴ്​നാടിയെും കർണാടകയെയും ആന്ധ്രപ്രദേശിനെയും മഹാരാഷ്​​ട്രയെയും പഞ്ചാബിനെയും ശിക്ഷിക്കരുത്​. ഈ സംസ്ഥാനങ്ങൾക്കാണ്​ ഇന്ന്​ എം.പിമാരും വിഭവങ്ങളും നികുതി വിഹിതവും ഏറ്റവും കുറവുള്ളത്​. പ്രായമേറിയ സ്ത്രീകൾ പുരുഷന്മാരുടേതിനേക്കാൾ കൂടുന്നതാണ്​ മൂന്നാമത്തെ പ്രശ്നം. 10 ശതമാനത്തോളം സ്​ത്രീകൾ ഒറ്റക്ക്​ ജീവിക്കേണ്ടി വരുന്നത്​ അവരുടെ സാമൂഹിക സുരക്ഷക്ക്​ തന്നെ ഭീഷണിയാകുമെന്നും ജയറാം രമേശ്​ ഓർമിപ്പിച്ചു.

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2019ലെ സാമ്പത്തിക സർവേ പോലും ഒരാവർത്തി വായിക്കാതെയാണ്​ ഇത്തരമൊരു ബില്ല​ുമായി രാകേഷ്​ സിൻഹ വന്നിരിക്കുന്നതെന്ന്​ രാജ്യസഭയിലെ ​കോൺഗ്രസ്​ ചീഫ്​ വിപ്പ്​ ജയറാം രമേശ്​ കുറ്റപ്പെടുത്തി. '2024ൽ ഇന്ത്യയുടെ ജനസംഖ്യ' എന്ന പ്രസ്തുത സാമ്പത്തിക സർവേയിലെ ഒമ്പതാം അധ്യായം സിൻഹ മാത്രമല്ല മുഴുവൻ എം.പിമാരും ഒരാവർത്തി വായിക്കണമെന്ന്​ ജയറാം രമേശ്​ ആവശ്യപ്പെട്ടു. രാജ്യത്തെ കുടുംബാസൂത്രണത്തിന്‍റെ നിലവിലുള്ള ചിത്രം അത്​ നൽകുന്നുണ്ട്​.

1975ലെ അടിയന്തിരാവസ്ഥക്കാലം ഒഴിച്ചുനിർത്തിയാൽ ഇന്ത്യയുടെ കുടുംബാസൂത്രണം ജനാധിപത്യമാർഗങ്ങളിലായിരുന്നുവെന്ന്​ ജയറാം ഓർമിപ്പിച്ചു. ചൈനീസ്​ മാതൃക പിന്തുടരാതെയാണ്​ ഇന്ത്യ ലക്ഷ്യം നേടുന്നത്​. 1979ൽ ഒരു കുഞ്ഞ്​ മതിയെന്ന്​ നിയമം കൊണ്ടുവന്ന ചൈന ഇന്നി​പ്പോൾ ഓരോ കുടുംബത്തിലും മൂന്ന്​ കുഞ്ഞുങ്ങൾ വേണമെന്ന​ നിയമം നടപ്പാക്കുകയാണ്​. ഒരു രാജ്യത്തിന്‍റെ മൊത്തം സന്താനോൽപാദന നിരക്ക്​ 2:1 ആയാൽ രണ്ട്​ തലമുറ (ഏകദേശം 50 വർഷം) കഴിഞ്ഞാൽ ജനസംഖ്യ മാറ്റമില്ലാതെ തുടരുകയോ അല്ലെങ്കിൽ കുറയുകയോ ചെയ്യും. 2030ാടെ കേരളവും ആ​ന്ധ്രവും തെലങ്കാനയും ജനസംഖ്യയിൽ സ്ഥിരത നേടുമെന്ന്​ മാത്രമല്ല, തുടർന്നങ്ങോട്ട്​ ജനസംഖ്യ കുറഞ്ഞും തുടങ്ങും. ഇതാണ്​ ഇന്ത്യയുടെ യാഥാർഥ്യം.

ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനക്കാരായിട്ടും ജനാധിപത്യ മാർഗങ്ങളിലുടെ സൃഷ്ടിച്ച കുടുംബാസൂ​ത്രണത്തിന്‍റെ വിജഗാഥയാണ്​ ഇന്ത്യയിലേത്. 1967 മാർച്ചിൽ ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രഥമ കുടുംബാസൂത്രണ മന്ത്രി ഡോ. സീതാപതി ചന്ദ്രശേഖറിലുടെ തുടങ്ങിയ പദ്ധതികളാണിത്​. നാം രണ്ട്​ നമുക്ക്​ രണ്ട്​, നിരോധ്​, ഹിന്ദുസ്ഥാൻ ലാറ്റക്സ്​ തുടങ്ങിയവക്കെല്ലാം ബീജാവാപം നൽകിയ സീതാപതി കടുത്ത രാഷ്ട്രീയ എതിർപ്പാണ്​ നേരിട്ടത്​. അതിനാൽ കുടുംബാസൂത്രണത്തിന്‍റെ പേരിൽ ഇനിയും വിമർശിക്കരുതെന്നും ലക്ഷ്യം നേടിയിട്ടുണ്ടെന്നും ജയറാം രമേശ്​ പറഞ്ഞു.

Tags:    
News Summary - Jairam Ramesh slams BJP's Rakesh Sinha's Population Regulation Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.