കല്ലേറ്, ലാത്തിച്ചാർജ്; ബംഗളുരു ദേശീയപാതയിൽ മണിക്കൂറുകളുടെ ഗതാഗതക്കുരുക്ക്
ചെന്നൈ: ജെല്ലിക്കെട്ടിന് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്ന് കൃഷ്ണഗിരിയിലുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേറി. വ്യാഴാഴ്ച രാവിലെ മുതൽ കൃഷ്ണഗിരി- ഹൊസൂർ- ബംഗളുരു ദേശീയപാത പ്രതിഷേധക്കാർ മണിക്കൂറുകളോളം ഉപരോധിച്ചത് യാത്രക്കാരെ വലച്ചു. പ്രക്ഷോഭകർ കെ.എസ്.ആർ.ടി.സി ഗജരാജ എ.സി സ്വിഫ്റ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നേരെ കല്ലേറ് നടത്തി. സർക്കാർ-പൊലീസ് വാഹനങ്ങളും തല്ലിതകർക്കപ്പെട്ടു.
ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. ഇരുന്നൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 20ലധികം പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
തിരുവനന്തപുരത്തുനിന്ന് ബംഗളുരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി ഗജരാജ എ.സി സ്വിഫ്റ്റ് ബസാണ് ആക്രമിക്കപ്പെട്ടത്. കല്ലേറിൽ ബസിന്‍റെ ചില്ലുകൾ തകർന്നു. കല്ലേറിൽ ഭയന്നുവിറച്ച യാത്രക്കാർ സീറ്റിനിടയിൽ ഒളിച്ചുനിന്നു. 23 യാത്രക്കാരെയും പിന്നീട് സുരക്ഷിതമായി കർണാടക അതിർത്തിയിലെത്തിച്ച് മറ്റൊരു ബസിൽ കയറ്റിവിട്ടതായി അധികൃതർ അറിയിച്ചു.
കൃഷ്ണഗിരി ജില്ലയിലെ ഒസൂരിനടുത്ത ഗോപചന്ദ്രം ഗ്രാമത്തിലെ ചിന്നതിരുപ്പതി കോവിൽ ഉൽസവത്തോടനുബന്ധിച്ചാണ് ജെല്ലിക്കെട്ടിന്‍റെ മറ്റൊരു രൂപമായ ‘എരുതുവിടും വിഴ’ സംഘടിപ്പിക്കുന്നത്. ഇതിന് അനുമതി നിഷേധിക്കപ്പെട്ടതായ വാർത്തകൾ പ്രചരിച്ചതോടെ വ്യാഴാഴ്ച രാവിലെ ആറു മണിയോടെ ജനങ്ങൾ പ്രതിഷേധത്തിനിറങ്ങുകയായിരുന്നു.
ജെല്ലിക്കെട്ടിനുള്ള ഒരുക്കങ്ങൾ പൂർത്തിയായ നിലയിൽ അനുമതി നിഷേധിക്കപ്പെട്ടതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. നൂറുക്കണക്കിനാളുകൾ ചെന്നൈ- ബംഗളുരു ദേശീയപാത ഉപരോധിച്ചു. പത്തിലധികം ബസുകൾക്കുനേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തി. ഒരുഘട്ടത്തിൽ പരിപാടിക്ക് അനുമതി നൽകിയതായി ജില്ല കലക്ടർ ഡോ. ജയചന്ദ്രഭാനു റെഡ്ഡി അറിയിച്ചുവെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു.
ദേശീയപാതയുടെ ഇരുവശങ്ങളിലും കിലോമീറ്ററുകൾ ദൂരത്തിൽ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടന്നു. ഉച്ചയോടെ മാത്രമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്. അറസ്റ്റിലായ പ്രക്ഷോഭകരെ വൈകീട്ടോടെ വിട്ടയച്ചു. വാഹനങ്ങൾക്കുനേരെ അക്രമം നടത്തിയവരെ വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ പിന്നീട് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.