ശ്രീനഗർ: ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനും പ്രത്യേക പദവി എടുത്തുകളഞ്ഞതിനും ശേഷം ജമ്മു-കശ്മീരിൽ നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു ആൻഡ് കശ്മീർ നാഷനൽ കോൺഫറൻസ് പ്രകടന പത്രിക പുറത്തിറക്കി. 370ാം അനുച്ഛേദവും സംസ്ഥാന പദവിയും പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്നതാണ് പ്രധാന വാഗ്ദാനം. സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞ കേന്ദ്ര തീരുമാനത്തിനെതിരെ ആദ്യ സമ്മേളനത്തിൽ തന്നെ പ്രമേയം കൊണ്ടുവരും. പാർട്ടിയുടെ ദർശന രേഖയും ഭരണത്തിനുള്ള മാർഗരേഖയുമാണ് പ്രകടന പത്രികയെന്ന് ഉപാധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2000ൽ നിയമസഭ പാസാക്കിയ സ്വയംഭരണ പ്രമേയം പൂർണമായി നടപ്പാക്കാൻ ശ്രമിക്കുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. ഫാറൂഖ് അബ്ദുല്ല മുഖ്യമന്ത്രിയായിരിക്കെ, നാഷനൽ കോൺഫറൻസ് സർക്കാർ 1953ന് മുമ്പുള്ള സംസ്ഥാനത്തിന്റെ ഭരണഘടന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കിയെങ്കിലും കേന്ദ്രത്തിലെ അടൽ ബിഹാരി വാജ്പേയി സർക്കാർ തള്ളുകയായിരുന്നു.
സംസ്ഥാനത്തെ 90 നിയമസഭ സീറ്റുകളിൽ മൂന്ന് ഘട്ടങ്ങളിലായാണ് (സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന്) തെരഞ്ഞെടുപ്പ്. ഒക്ടോബർ നാലിനാണ് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.