ശ്രീനഗർ: ജമ്മു -കശ്മീരിലെ ഗന്തർബാലിൽ ഒരു ഡോക്ടർ അടക്കം ഏഴുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ അന്വേഷണം ഊർജിതം. ശ്രീനഗർ-ലേ ദേശീയപാതയിൽ തുരങ്ക നിർമാണം നടക്കുന്ന സ്ഥലത്തുണ്ടായ സ്ഫോടനം അന്വേഷിക്കുന്നത് ദേശീയ അന്വേഷണ ഏജൻസിയാണ് (എൻ.ഐ.എ). ചൊവ്വാഴ്ച സംഭവ സ്ഥലം അരിച്ചുപെറുക്കിയ സംഘം 40 പേരെ ചോദ്യം ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഭീകരാക്രമണം നടന്ന സ്ഥലത്തിന്റെ സമീപ പ്രദേശങ്ങളിൽ സൈന്യവും സി.ആർ.പി.എഫും തിരച്ചിൽ നടത്തി. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന് സംശയിക്കുന്ന അന്വേഷണ സംഘം, സംഭവത്തിൽ മേഖലയിലെ ഏതെങ്കിലും തീവ്രവാദി ഗ്രൂപ്പുകൾക്ക് പങ്കുള്ളതായി കരുതുന്നു. കൃത്യം നടത്തിയവർ ഉടൻ പിടിയിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം, റസിസ്റ്റന്റ് പ്രഫന്റ് എന്ന സംഘടന ഏറ്റെടുത്തിരുന്നു. നിരോധിത ലശ്കറെ ത്വയ്യിബയുടെ നിഴൽ സംഘടനയാണിതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭീകരവാദികൾക്ക് കൃത്യം നടത്തിയ സ്ഥലത്തിന്റെ വിശദാംശങ്ങൾ നേരത്തെ ലഭിച്ചിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്ന് മനസ്സിലാകുന്നത്. ആദ്യം അവർ ലക്ഷ്യമിട്ടത് തൊഴിലാളികളുടെ ഭക്ഷണശാലയായിരുന്നു. അതിനുശേഷമാണ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സിലേക്ക് കടന്നത്. മേഖലയിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലും മറ്റും ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുകയാണ് സൈന്യം. ജമ്മുവിലെയും കശ്മീരിലെ പൂഞ്ച് ജില്ലയിലെയും നിയന്ത്രണ രേഖയിൽ ചൊവ്വാഴ്ച സൈന്യം പാക് ഡ്രോണിനെതിരെ വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. പാകിസ്താന്റെ ആളില്ലാ വിമാനം കുറഞ്ഞ സമയത്തേക്ക് നിയന്ത്രണ രേഖ ഭേദിച്ചപ്പോഴായിരുന്നു ഇത്.
ശ്രീനഗർ, ഗന്തർബാൽ, ബന്ദിപുര, കുൽഗാം, അനന്ത്നാഗ്, പുൽവാമ തുടങ്ങി 10 മേഖലകളിൽ ചൊവ്വാഴ്ച കശ്മീർ പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം റെയ്ഡ് നടത്തി. ലശ്കറെ ത്വയ്യിബയുടെ ഭാഗമെന്ന് കരുതുന്ന ഒരു സംഘത്തിന്റെ റിക്രൂട്ട്മെന്റ് മൊഡ്യൂൾ തകർത്തതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ബാബ ഹമാസ് എന്നറിയപ്പെടുന്ന പാകിസ്‍താനിൽനിന്നുള്ള ഒരു തീവ്രവാദിയാണ് ഈ സംഘത്തിന്റെ തലവനെന്നും റെയ്ഡിനുശേഷം ഏതാനും പേരെ അറസ്റ്റ്ചെയ്യുകയും ഡിജിറ്റൽ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.