ജമ്മു: ജമ്മു-കശ്മീർ അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ ഷെൽ ആക്രമണത്തിൽ രണ്ടു ഗ്രാമീണർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. രജൗരി ജില്ലയിലെ നൗഷെറ മേഖലയിൽ താമസിക്കുന്നവരാണ് മരിച്ചത്. ജനവാസ പ്രദേശങ്ങളിൽ പാകിസ്താൻ നടത്തുന്ന വെടിവെപ്പിനെയും ഷെൽ ആക്രമണങ്ങളെയും തുടർന്ന് പൂഞ്ചിലെ ബാലകോട്ട് മേഖലയിലെ സ്കൂളുകൾ സൈന്യം അടച്ചിടുകയും ജനങ്ങളോട് സുരക്ഷിത ഭാഗങ്ങളിലേക്ക് മാറാൻ നിർദേശിക്കുകയും ചെയ്തു.
പാക് സൈന്യം യന്ത്രത്തോക്കുകളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് രാവിലെ ഏഴുമണിയോടെയാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്റ്റനൻറ് കേണൽ മനീഷ് മേത്ത അറിയിച്ചു. ഇന്ത്യൻ സൈന്യം ഉടൻ തിരിച്ചടിെച്ചന്നും വെടിവെപ്പ് തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
മേയ് 11ന് നടന്ന ഷെൽ ആക്രമണത്തിൽ രജൗരി ജില്ലയിലെ പുഖാമി ഗ്രാമത്തിലെ അക്തർബി കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ഭർത്താവ് മുഹമ്മദ് ഹനീഫിന് പുറമെ പ്രദേശത്തെ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ടെന്നും മരിച്ചവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ മേയ് 11 മുതൽ മേഖലയിലെ സ്കൂളുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുയാണ്.
പ്രദേശത്തെ 1200ഒാളം വരുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. രജൗരി ജില്ലയിലെ ആറ് ചെറുഗ്രാമങ്ങൾ ലക്ഷ്യമിട്ടാണ് പാക് സൈന്യം ഷെൽ വർഷം നടത്തിയത്. അതിർത്തി രേഖക്ക് സമീപത്തെ ഷെറി മകേരി, നമക്ദാലി, ജങ്കാർത്, ലാം, ഭവാനി, ഖാംബ മേഖലകളിലാണ് കൂടുതൽ നാശനഷ്ടം.
ഏതാനും ദിവസങ്ങൾക്കിടെ മൂന്നാം തവണയാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ശനിയാഴ്ച നൗഷെറ മേഖലയിലുണ്ടായ ഷെൽ ആക്രമണത്തിൽ രണ്ടുപേരുടെ മരണത്തിന് പുറമെ 40ഒാളം കന്നുകാലികളും കൊല്ലപ്പെട്ടു. നിരവധി വീടുകൾക്കും സ്കൂളുകൾക്കും കേടുപാടുകൾ സംഭവിച്ചു. 27 കുടുംബങ്ങൾ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോയി. അന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ രണ്ട് പാക് സൈനികർക്ക് പരിക്കേറ്റിരുന്നു. സംഘർഷത്തെ തുടർന്ന് നൗഷെറ മേഖലക്ക് സമീപം സൈന്യം രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും 150ഒാളം പേരെ ഇവിടേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.