മുംബൈ: ഹിന്ദുരാഷ്ട്രമെന്ന വാദത്തെ തള്ളി തിരക്കഥ കൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ. മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രങ്ങൾ രൂപീകരിക്കുന്നത് വൻ ദുരന്തമാണെന്നും പാകിസ്താൻ അതിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ പേരിൽ രാഷ്ട്രമുണ്ടാക്കുക എന്നത് ബ്രിട്ടീഷുകാരാണ് ആദ്യമായി അവതരിപ്പിച്ചത്. അത് പൂർണ പരാജയമായിരുന്നു. പാകിസ്താൻ രൂപീകരിച്ചതു തന്നെ വലിയ അബദ്ധമായിരുന്നു. അത് കഴിഞ്ഞശേഷമാണ് ബുദ്ധിയുദിച്ചതെന്നും ജാവേദ് അക്തർ ചൂണ്ടിക്കാട്ടി.
മനുഷ്യൻ ചെയ്ത 10 അബദ്ധങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതുകയാണെങ്കിൽ, പാകിസ്താൻ സൃഷ്ടി തീർച്ചയായും അതിൽ ഉൾപ്പെടും. അത് യുക്തിക്ക് നിരക്കാത്തതുമായിരുന്നു. എന്നാൽ ഇപ്പോൾ അതൊരു യാഥാർഥ്യമാണ്. നമ്മൾ അത് അംഗീകരിക്കണം. വളരെ യുക്തിരഹിതമായ ഒരു തീരുമാനമായിരുന്നു അത്.മതം ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുന്നില്ല. ഉള്ളിയുടെ ശരിയായ ഭാഗം കിട്ടണമെങ്കിൽ ഒരുപാട് തൊലി പൊളിക്കേണ്ടി വരുന്നു. അങ്ങനെയാണെങ്കിൽ, പശ്ചിമേഷ്യ മുഴുവൻ ഒരു രാഷ്ട്രവും യൂറോപ്പ് മുഴുവൻ മറ്റൊരു രാജ്യവുമാകുമായിരുന്നു. പാകിസ്താനിൽ അഹമ്മദിയ്യകളെയും ഷിയാകളെയും മുസ്‍ലിംകളായി കണക്കാക്കില്ല. ആ ഒഴിവാക്കൽ തുടരുന്നു. എന്നാൽ അവരിൽ നിന്ന് നമ്മൾ എന്താണ് പഠിച്ചത്?-അദ്ദേഹം ചോദിച്ചു.
അവർ 70 വർഷം മുമ്പ് ചെയ്തതാണ് ഇപ്പോൾ നമ്മൾ ചെയ്യാൻ പോകുന്നത്. ഹിന്ദുരാഷ്ട്രമാണോ നിങ്ങൾക്കു വേണ്ടത്? എന്താണ് അതെന്ന് എനിക്ക് അറിയില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു രാഷ്ട്രത്തെ രൂപീകരിക്കുന്നതിനെ കുറിച്ച് എനിക്ക് വലിയ പിടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ ഉറുദു കവി ഫൈസ് അഹമ്മദ് ഫൈസിന്റെ സ്മരണാർഥം ലഹോറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ജാവേദ് അക്തർ പാകിസ്താന് എതിരായ തന്റെ നിലപാട് തുറന്നുപറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.