പ്രവാചക നിന്ദക്കെതിരെ നടന്ന പ്രതിഷേധത്തിന് ജൂൺ 11ന് ഉത്തർ പ്രദേശിലെ യോഗി പൊലീസ് അറസ്റ്റ് ചെയ്ത വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദ് എവിടെയാണെന്ന് അറിയില്ലെന്ന് ഭാര്യ പർവീൺ ഫാത്തിമ. ജാവേദിന്റെ മകളും ജവഹർലാൽ നെഹ്റു സർവകലാശാല സ്റ്റുഡന്റ്സ് യൂനിയൻ കൗൺസിലറുമായ അഫ്രീൻ ഫാത്തിമയാണ് മാതാവ് പർവീൺ ഫാത്തിമയുടെ എഴുത്ത് സമൂഹമാധ്യമം വഴി പുറത്തുവിട്ടത്.
എന്റെ ഭർത്താവ് ജനാബ് ജാവേദ് മുഹമ്മദിനെ പൊലീസ് കള്ളക്കേസ് ചുമത്തി നിയമവിരുദ്ധമായി അറസ്റ്റുചെയ്ത് നൈനി സെൻട്രൽ ജയിലിലേക്ക് അയച്ചത് ജൂൺ 11നാണ്. എന്നാൽ, നൈനി സെൻട്രൽ ജയിൽ അധികൃതർ പറയുന്നത് അദ്ദേഹത്തെ ജയിലിൽ എത്തിച്ചിട്ടില്ല എന്നാണ്.
വീട്ടുകാരും അഭിഭാഷകരും അന്ന് പുലർച്ചെ മുതൽ അദ്ദേഹത്തെ കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും ഇതുവരെ അലഹബാദ് ജില്ലയിലെയും നൈനി സെൻട്രൽ ജയിലിലെയും ഉദ്യോഗസ്ഥർ എന്റെ ഭർത്താവ് എവിടെയാണെന്ന് ഞങ്ങളെ അറിയിച്ചിട്ടില്ല.
എന്റെ ഭർത്താവുൾപ്പെടെ നൈനി സെൻട്രൽ ജയിലിലെ നിരവധി തടവുകാരെ യു.പിയിലുടനീളമുള്ള വിവധ ജയിലുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും എന്റെ ഭർത്താവിനെ ഡിയോറിയ ജയിലിലേക്ക് മാറ്റിയിരിക്കാമെന്നും ഞങ്ങൾ മാധ്യമങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും കിംവദന്തികൾ കേൾക്കുന്നു. പക്ഷേ, ഞങ്ങൾക്കോ ഞങ്ങളുടെ അഭിഭാഷകർക്കോ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഞാനും എന്റെ കുട്ടികളും അദ്ദേഹത്തിന്റെ സുരക്ഷയിലും ആരോഗ്യത്തിലും ആശങ്കാകുലരാണ്.
ഞങ്ങളുടെ കുടുംബത്തെ കുറ്റപ്പെടുത്താനും ഉപദ്രവിക്കാനും അലഹബാദ് ഭരണകൂടം എല്ലാ നടപടിക്രമങ്ങളും മറികടക്കുകയാണ്. ജില്ലാ, ജയിൽ ഉദ്യോഗസ്ഥരുടെ ഈ അതിരുവിട്ട നടപടി ഞങ്ങളെ ആശങ്കപ്പെടുത്തുന്നു. പർവീൺ തുറന്ന കത്തിൽ കുറിക്കുന്നു. പ്രതിഷേധിച്ചതിന്റെ പേരിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ജാവേദിന്റെ വീട് യോഗി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.