ചെന്നൈ: ജയലളിതയുടെ മരണത്തിലേക്കു നയിച്ച സാഹചര്യം അന്വേഷിച്ച ജസ്റ്റിസ് എ. ആറുമുഖസ്വാമി കമീഷൻ റിപ്പോർട്ടിൽ അവരുടെ വിശ്വസ്തയും സഹായിയുമായിരുന്ന വി. കെ. ശശികല ഉൾപ്പെടെ നാലുപേർ കുറ്റക്കാരെന്നു കണ്ടെത്തൽ. ജയലളിതയുടെ സ്വകാര്യ ഡോക്ടറായിരുന്ന കെ.എസ്. ശിവകുമാർ, അന്നത്തെ ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കർ, സെക്രട്ടറി ജെ. രാധാകൃഷ്ണൻ എന്നിവരാണ് മറ്റു മൂന്നുപേർ. ഇവരുടെ പേരിൽ അന്വേഷണ നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ശിപാർശ ചെയ്തു. കമീഷൻ റിപ്പോർട്ട് ചൊവ്വാഴ്ചയാണ് തമിഴ്നാട് നിയമസഭയിൽ വെച്ചത്.
ജയലളിതയുടെ മരണസമയത്ത് ചീഫ് സെക്രട്ടറിയായിരുന്ന രാംമോഹൻ റാവു കുറ്റകരമായ പ്രവൃത്തികളിൽ ഏർപ്പെട്ടതായും അപ്പോളോ ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പുറത്തുവിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് മൂന്നു ദിവസം മുമ്പേ ജയലളിതക്ക് കടുത്ത പനി ബാധിച്ചിരുന്നു. അബോധാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടശേഷം നടന്ന ചികിത്സാ നടപടിക്രമങ്ങൾ രഹസ്യമാക്കപ്പെട്ടു.
പോയസ്ഗാർഡൻ വസതിയിലെ മുകൾ നിലയിലെ കിടപ്പറയിൽവെച്ചാണ് ജയലളിത മയങ്ങിവീണത്. ഈ സമയത്ത് അവരെ ശശികലയാണ് താങ്ങിപ്പിടിച്ചത്. ഡോക്ടർമാർ നിർദേശിച്ചിട്ടും ജയലളിതക്ക് ആൻജിയോ ചികിത്സ ലഭ്യമാക്കിയില്ല. വിദേശ ചികിത്സ ലഭ്യമാക്കുന്നതിന് തടസ്സം നിന്നത് ശശികലയാണ്. ജയലളിതക്ക് ശരിയായ വിധത്തിൽ ചികിത്സ ലഭ്യമാക്കിയിരുന്നില്ലെന്നും അവരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഡിസംബർ നാലിന് ഉച്ച കഴിഞ്ഞ് മൂന്നരക്ക് ജയലളിത മരിച്ചിരുന്നതായും എന്നാൽ ഡിസംബർ അഞ്ചിന് രാത്രി 11.30ന് മരണം സംഭവിച്ചതായാണ് അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചതെന്നും കമീഷൻ റിപ്പോർട്ടിൽ ആരോപിക്കപ്പെടുന്നു.
ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാൻ 2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യം, ആരോഗ്യസ്ഥിതി എന്നിവയും അവർ മരിക്കുന്നതുവരെ നൽകിയ ചികിത്സയും അന്വേഷിക്കുന്നതിനാണ് 2017ൽ അണ്ണാ ഡി.എം.കെ സർക്കാർ അന്വേഷണ കമീഷനെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.