ബംഗളൂരു: എൻ.ഡി.എയിൽ ചേരാനുള്ള ജനതാദൾ എസിന്റെ തീരുമാനത്തെ എതിർക്കുന്ന കർണാടക സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിമിനെ സ്ഥാനത്ത്നിന്ന് നീക്കി. സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ട ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ മകനും മുൻമുഖ്യമന്ത്രിയുമായ കുമാരസ്വാമിയെ പ്രസിഡന്റാക്കി അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. പാർട്ടി നിയമസഭകക്ഷി നേതാവായി കുമാരസ്വാമി തുടരുമെന്നും പുതിയ സംസ്ഥാനകമ്മിറ്റി ഭാരവാഹികളെ അടുത്ത ഘട്ട ചർച്ചക്ക് ശേഷം തീരുമാനിക്കുമെന്നും ദേവഗൗഡ പറഞ്ഞു.
മുമ്പ് കോൺഗ്രസിലായിരുന്ന സി.എം. ഇബ്രാഹിം 2022 മാർച്ചിലാണ് ജെ.ഡി.എസിൽ ചേർന്ന് സംസ്ഥാന പ്രസിഡന്റായത്. എൻ.ഡി.എ പ്രവേശനത്തെ തുടക്കം മുതൽ ഇദ്ദേഹം എതിർത്തിരുന്നു. താനാണ് സംസ്ഥാന പ്രസിഡെന്റന്നും അടിസ്ഥാന ആശയമായ ‘മതേതരത്വം’ മുറുകെ പിടിക്കുന്ന യഥാർഥ ജെ.ഡി.എസ് തന്റേതാണെന്നും പ്രഖ്യാപിച്ച് അനുയായികളുടെ യോഗവും ഇദ്ദേഹം വിളിച്ചുചേർത്തു. ഇതിന് പിന്നാലെയാണ് ദേവഗൗഡ വ്യാഴാഴ്ച പാർട്ടി അടിയന്തരയോഗം വിളിച്ചുചേർത്ത് ഇബ്രാഹിമിനെ സ്ഥാനത്ത്നിന്ന് നീക്കിയത്.
എന്നാൽ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടില്ല. എല്ലാ എം.എൽ.എമാരും എം.എൽ.സിമാരും യോഗത്തിൽ പങ്കെടുത്തു. എൻ.ഡി.എയിൽ ചേർന്നതിനെ മുസ്ലിം നേതാക്കളെല്ലാം എതിർക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അത് ശരിയല്ലെന്നും എം.എൽ.സിയായ ബി.എം. ഫാറൂഖിനെ പോലുള്ളവർ പാർട്ടിയിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും ദേവഗൗഡ പറഞ്ഞു. ദേശീയ പ്രസിഡന്റിന്റെ തീരുമാനം അംഗീകരിക്കുന്നതായും അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റെന്ന നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കുമാരസ്വാമി പറഞ്ഞു. സി.എം. ഇബ്രാഹിമിന് എന്തും ചെയ്യാമെന്നും ആരും അദ്ദേഹത്തെ തടയുന്നില്ലെന്നും ചൊവ്വാഴ്ച കുമാരസ്വാമി പറഞ്ഞിരുന്നു. പുതിയ തീരുമാനത്തോടെ ജെ.ഡി.എസിൽ പിളർപ്പ് ആസന്നമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.