ബംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായ ജെ.ഡി-എസ് എം.എൽ.സി സൂരജ് രേവണ്ണയുടെ (37) ജാമ്യഹരജി കോടതി വീണ്ടും തള്ളി. നിലവിൽ ജൂലൈ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സൂരജ് രേവണ്ണയുള്ളത്.
സൂരജ് രേവണ്ണ ഏറെ സ്വാധീനമുള്ളയാളാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. എന്നാൽ, സൂരജിനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ വാദം. തുടർന്ന്, ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി അർക്കൽഗുഡ് സ്വദേശിയായ 27കാരൻ നൽകിയ പരാതിയിലാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. ജെ.ഡി-എസ് പ്രവർത്തകനായ യുവാവ് സ്വകാര്യ ചാനലിലൂടെ ആരോപണമുന്നയിക്കുകയും പിന്നീട് പരാതി നൽകുകയുമായിരുന്നു. ഐ.പി.സി 377, 342, 506, 34 വകുപ്പുകളാണ് സൂരജിനെതിരെ ചുമത്തിയിട്ടുള്ളത്.
ജൂൺ 16ന് ഹൊളെനരസിപൂരിലെ സൂരജിന്റെ ഫാം ഹൗസിൽവെച്ച്, തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവിന്റെ പരാതി. പീഡന വിവരം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
സൂരജിനെതിരെ രണ്ടാമതൊരാൾ കൂടി പരാതിയുമായി രംഗത്തെത്തിയിരുന്നു. അടുത്ത അനുയായിയായിരുന്ന ജെ.ഡി.എസ് പ്രവർത്തകനാണ്, തന്നെ സൂരജ് പ്രകൃതിവിരുദ്ധ പീഡനത്തിനിടയാക്കിയെന്ന പരാതി നൽകിയത്. ഈ പരാതിയിലും കേസെടുത്തിട്ടുണ്ട്.
ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ് സൂരജ്. ഹൊളെനരസിപൂർ എം.എൽ.എയും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ മകനും ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മരുമകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.