ബംഗളൂരു: കർണാടകയിൽ ജെ.ഡി-എസിൽ പിളർപ്പിന്റെ സൂചന നൽകി സംസ്ഥാന അധ്യക്ഷൻ സി.എം. ഇബ്രാഹിം. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിൽ ചേരാനുള്ള പാർട്ടി നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ തീരുമാനത്തെ തുടർന്ന് പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് അകന്നുനിന്ന സി.എം. ഇബ്രാഹിം തിങ്കളാഴ്ച അനുയായികളുമായി ബംഗളൂരുവിൽ യോഗം ചേർന്നു.
എൻ.ഡി.എയിൽ ജെ.ഡി-എസ് ചേരുന്നതിനെതിരെ പാർട്ടി തലവൻ എച്ച്.ഡി. ദേവഗൗഡക്ക് സന്ദേശം നൽകുമെന്നും അംഗീകരിച്ചില്ലെങ്കിൽ അനുയായികളുമായി കൂടിയാലോചിച്ച് തുടർ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ കർണാടക അധ്യക്ഷൻ താനാണെന്ന് ഓർമിപ്പിച്ച അദ്ദേഹം, യഥാർഥ ജെ.ഡി-എസ് തങ്ങളാണെന്നും തന്നെ ആർക്കും നീക്കാനാവില്ലെന്നും അവകാശപ്പെട്ടു.
പല എം.എൽ.എമാരും തനിക്കൊപ്പമുണ്ട്. വൈകാതെ കോർ കമ്മിറ്റി യോഗം വിളിക്കും. തുടർന്ന് സംസ്ഥാനത്ത് പര്യടനം നടത്തും. എൻ.ഡി.എയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. കോൺഗ്രസിനെ പിന്തുണക്കാനും തങ്ങൾ തയാറാണെന്ന് അദ്ദേഹം നയം വ്യക്തമാക്കി. മതേതരത്വ നിലപാടു കാരണമാണ് ദേവഗൗഡ പ്രധാനമന്ത്രിയായത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനാവില്ല.
ബി.ജെ.പിയും ജെ.ഡി-എസും തമ്മിലുള്ള സഖ്യത്തിൽ ആര് ആരുടെ ആദർശമാണ് ഉൾക്കൊള്ളുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് സി.എം. ഇബ്രാഹിം പറഞ്ഞു. ഇതോടെ കേരളത്തിന് പുറമെ, കർണാടകയിലും ജെ.ഡി-എസ് പിളരുമെന്ന് ഉറപ്പായി. എന്നാൽ, എച്ച്.ഡി. കുമാരസ്വാമി ബി.ജെ.പി സഖ്യം സംബന്ധിച്ച നീക്കം സജീവമാക്കിയിരിക്കുകയാണ്. അടുത്ത ദിവസം എച്ച്.ഡി. കുമാരസ്വാമി ഡൽഹിയിൽ ബി.ജെ.പി നേതൃത്വവുമായി ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.