ന്യൂഡൽഹി: ആർ.ജെ.ഡിയുമായുള്ള സഖ്യം അവസാനിപ്പിച്ച് എൻ.ഡി.എ പാളയത്തിലേക്ക് ചേക്കേറിയ നിതീഷ് കുമാറിെൻറ നടപടിയിലുള്ള നീരസം ശക്തമായി പ്രകടിപ്പിച്ച് ജെ.ഡി.യു നേതാവ് ശരദ് യാദവ് രംഗത്ത്. ഞായറാഴ്ചയാണ് ട്വിറ്ററിലൂടെ ശരദ് യാദവ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം മുഴുവൻ തിരിച്ചുകൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ ബി.ജെ.പിക്ക് ഇനിയുമായിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, പാനമ രേഖകളിൽ പേര് ഉൾപ്പെട്ടവർക്കെതിരെ നടപടിയുണ്ടാവാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
അതേസമയം, ബിഹാറിൽ ബി.ജെ.പിക്കെതിരായ യുദ്ധത്തിൽ നേതൃത്വം വഹിക്കാൻ ശരദ് യാദവിനെ സ്വാഗതംചെയ്ത് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തു. സാമൂഹിക നീതിയുടെ വക്താവായ ശരദ് യാദവ് നിതീഷ് കുമാറിെൻറ നടപടിയിൽ അസംതൃപ്തനാണെന്നും ലാലു കുറിച്ചു.
ബിഹാർ നിയമസഭയിൽ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ ആർ.ജെ.ഡിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാർ ബി.ജെ.പി പാളയത്തിൽ എത്തിയതിൽ ശരദ് യാദവ് അസംതൃപ്തനാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
നിതീഷ് കുമാർ രാജിപ്രഖ്യാപനം നടത്തിയ ദിവസം കാർഷിക വിളകൾക്ക് പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതിയുടെ പരാജയം, പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനെ പരോക്ഷമായി കുറ്റപ്പെടുത്തിയ അദ്ദേഹം, വിവിധ പേരിൽ സെസ് പിരിച്ചിട്ടും രാജ്യത്തെവിടെയും അതിെൻറ പ്രതിഫലനമില്ലെന്നും വിമർശിച്ചിരുന്നു.
അതേസമയം, മോദി മന്ത്രിസഭയിൽ കാബിനറ്റ് പദവി ആഗ്രഹിക്കുന്ന ശരദ് യാദവിെൻറ വിലപേശലായും അദ്ദേഹത്തിെൻറ ബി.ജെ.പി വിമർശനം വിലയിരുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.