റാഞ്ചി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ആകെയുള്ള 81 സീറ്റിൽ കോൺഗ്രസും ജെ.എം.എമ്മും 70 എണ്ണത്തിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശേഷിക്കുന്ന 11 സീറ്റുകളുടെ കാര്യത്തിൽ സഖ്യകക്ഷികളായ ആർ.ജെ.ഡി, ഇടതുപാർട്ടികൾ എന്നിവയുമായി ചർച്ച നടന്നുവരികയാണ്. നവംബർ 13നും 20നും രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23ന് വോട്ടെണ്ണൽ നടക്കും.
അതേസമയം, കോൺഗ്രസും ജെ.എം.എമ്മും 70 സീറ്റിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ ആർ.ജെ.ഡിയിലെ അതൃപ്തി പുറത്തുവന്നു. രണ്ട് പ്രബലകക്ഷികൾ ചേർന്ന് ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്ന് ആർ.ജെ.ഡി വക്താവ് മനോജ് കുമാർ ഝാ പറഞ്ഞു. തങ്ങൾക്ക് നൽകാമെന്ന് പറഞ്ഞ സീറ്റുകളുടെ എണ്ണത്തിൽ നിരാശയുണ്ട്. തങ്ങളുമായി സംസാരിച്ചല്ല സീറ്റ് വിഭജനം നടത്തിയത്. എല്ലാ വഴികളും മുന്നിൽ തുറന്നുകിടക്കുന്നുണ്ട്. സ്വന്തം നിലയിൽ ബി.ജെ.പിയെ തോൽപിക്കാൻ കഴിയുന്ന 15 മുതൽ 18 സീറ്റുകൾവരെ പാർട്ടി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഏഴ് സീറ്റിലാണ് പാർട്ടി മത്സരിച്ചത്. ഇതിൽ അഞ്ചെണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തി. സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് സഖ്യകക്ഷികളുമായുള്ള ചർച്ചയിലാണ് കോൺഗ്രസും ജെ.എം.എമ്മും. 70 സീറ്റിൽ മത്സരിക്കാൻ ധാരണയായെന്ന് ഹേമന്ത് സോറൻ പറഞ്ഞു. സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. വികസന പ്രവർത്തനങ്ങളുടെ ബലത്തിൽ ജെ.എം.എം നേതൃത്വത്തിലുള്ള സർക്കാർ അധികാരം നിലനിർത്തുമെന്ന് സോറൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എൻ.ഡി.എ സീറ്റ് വിഭജനം സംബന്ധിച്ച് വെള്ളിയാഴ്ച ധാരണയായിരുന്നു. ബി.ജെ.പി 68 സീറ്റിലും എ.ജെ.എസ്.യു പാർട്ടി 10ലും ജെ.ഡി.യു രണ്ടിലും എൽ.ജെ.പി (റാം വിലാസ്) ഒന്നിലും മത്സരിക്കും.
2019ൽ ജെ.എം.എം സഖ്യം 47 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.