റാഞ്ചി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്‍റെ സീറ്റ് വിഭജനം പൂർത്തിയായതായി ഝാർഖണ്ഡ് മുക്തി മോർച്ച് നേതാവും മുഖ്യമന്ത്രിയുമായ ഷിബു സോറൻ. 81 അംഗ നിയമസഭയിൽ ജെ.എം.എം-കോൺഗ്രസ് സഖ്യം 70 സീറ്റിൽ മൽസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബാക്കി സീറ്റുകളിൽ ഇൻഡ്യ സഖ്യത്തിലെ മറ്റ് പാർട്ടികൾ മത്സരിക്കും. ആർ.ജെ.ഡിയുമായും ഇടതുപാർട്ടികളുമായും ചർച്ചകൾ നടന്നു വരികയാണെന്നും സോറൻ വ്യക്തമാക്കി.
2019ലെ തെരഞ്ഞെടുപ്പിലെ യു.പി.എ സഖ്യത്തിൽ ജെ.എം.എം 43 സീറ്റിലും കോൺഗ്രസ് 31 സീറ്റിലും ആർ.ജെ.ഡി ഏഴ് സീറ്റിലുമാണ് മൽസരിച്ചത്. യു.പി.എ സഖ്യം 47 സീറ്റിലും ബി.ജെ.പി 25 സീറ്റിലും വിജയിച്ചു. 2000ൽ ഝാർഖണ്ഡ് രൂപവത്കരിച്ച ശേഷം സഖ്യത്തിന് ലഭിക്കുന്ന വൻ വിജയമാണിത്.
ബി.ജെ.പിയെ രണ്ടാം സ്ഥാനത്താക്കിയാണ് ജെ.എം.എം ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. ഓൾ ഝാർഖണ്ഡ് സ്റ്റുഡൻസ് യൂനിയൻ രണ്ട് സീറ്റിലും എൻ.സി.പി, സി.പി.ഐ (എം.എൽ) എന്നീ പാർട്ടികൾ ഓരോ സീറ്റുകളിലും സ്വതന്ത്രർ രണ്ട് സീറ്റിലും വിജയിച്ചിരുന്നു.
അതേസമയം, എൻ.ഡി.എയുടെ ആദ്യഘട്ട സീറ്റുവിഭജനം പൂർത്തിയായി. 81 സീറ്റിൽ 68ലും ബി.ജെ.പി മൽസരിക്കും. സഖ്യകക്ഷികളായ സുധേഷ് മഹ്തോയുടെ ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂനിയൻ (എ.ജെ.എസ്.യു), ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു), ലോക് ജൻശക്തി പാർട്ടി (രാം വിലാസ്) എന്നിവയാണ് മറ്റു 13 സീറ്റുകളിൽ മൽസരിക്കുക.
എ.ജെ.എസ്.യു പാർട്ടിക്ക് 10 സീറ്റ് ലഭിച്ചു. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചക്ക് (എച്ച്.എ.എം) ഇത്തവണ സീറ്റില്ല. 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 79 മണ്ഡലങ്ങളിലാണ് മത്സരിച്ചത്.
ഝാർഖണ്ഡിൽ നവംബർ 13, നവംബർ 20 തീയതികളിൽ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 23നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.