റാഞ്ചി: ഝാർഖണ്ഡിലെ ബി.ജെ.പി നേതാവും വക്താവുമായ പ്രവീൺ പ്രഭാകർ പാർട്ടി വിട്ട് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നാഷണലിസ്റ്റ് പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നൽകിയതുമായി ബന്ധപ്പെട്ട അതൃപ്തിയാണ് പാർട്ടി വിടാൻ കാരണം. ഇൗ മാസം 20ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നള നിയോജക മണ്ഡലത്തിൽ നിന്ന് പ്രവീൺ പ്രഭാകർ ജനവിധി തേടും.
കഴിഞ്ഞ അഞ്ച് വർഷമായി ബി.ജെ.പിയുമായി േചർന്ന് പ്രവർത്തിക്കുന്ന പ്രവീൺ പ്രഭാകർ ആൾ ഝാർഖണ്ഡ് സ്റ്റുഡൻറ്സ് യൂണിയെൻറ(എ.ജെ.എസ്.യു) സ്ഥാപക അംഗം കൂടിയാണ്. 2014ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എ.ജെ.എസ്.യു ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ ഇത്തവണ വെവ്വേറെയായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിച്ചു. എന്നാൽ ഝാർഖണ്ഡിൽ ബി.ജെ.പി ആത്മ പരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവീൺ പ്രഭാകർ പാർട്ടി പ്രവേശനത്തോടെ ഝാർഖണ്ഡിലും മറ്റ് സംസ്ഥാനങ്ങളിലേക്കും പാർട്ടിയുടെ വളർച്ച സാധ്യമാവുമെന്ന് കോൺറാഡ് സാങ്മ പ്രത്യാശ പ്രകടിപ്പിച്ചു. പാർട്ടി വടക്കേ ഇന്ത്യയിൽ മാത്രം ഒതുങ്ങാതെ ദേശീയ പാർട്ടി എന്ന നിലയിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നായിരുന്നു തെൻറ പിതാവ് പി.എ സാങ്മ കണ്ട സ്വപ്നം. സാങ്മയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണമെന്നും കോൺറാഡ് സാങ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.