റാഞ്ചി: ഝാർഖണ്ഡിൽ ഭരണപ്രതിസന്ധി കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നതിനിടെ സംസ്ഥാനത്ത് കോൺഗ്രസിന്റെ ചുമതലയുള്ള അവിനാശ് പാണ്ഡെയുമായി മുഖ്യമന്ത്രി ഹേമന്ത് സോറൻ കൂടിക്കാഴ്ച നടത്തി. രണ്ടു വലിയ പാർട്ടികളുടെ നേതാക്കൾ കാണുമ്പോൾ നിലവിലെ രാഷ്ട്രീയസാഹചര്യവും ഭാവികാര്യങ്ങളും ചർച്ച ചെയ്യുമെന്നാണ് കൂടിക്കാഴ്ചയെ കുറിച്ച് കോൺഗ്രസ് മന്ത്രി ആലംഗീർ ആലം പ്രതികരിച്ചത്. അതിനിടെ, ജൂലൈ 30ന് ഹൗറയിൽ വെച്ച് വൻ തുകയുമായി അറസ്റ്റിലായ ഝാർഖണ്ഡിലെ കോൺഗ്രസ് എം.എൽ.എമാരായ ഇർഫാൻ അൻസാരി, നമാൻ കോൻഗാരി, രാജേഷ് കച്ചപ് എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്പീക്കർ രബീന്ദ്രനാഥ് മഹാതോക്ക് കത്തയച്ചു. എം.എൽ.എമാരിൽനിന്ന് സ്പീക്കർ സെപ്റ്റംബർ ഒന്നിനുമുമ്പായി മറുപടി തേടിയിട്ടുണ്ട്.
എം.എൽ.എമാരെ കൂട്ടി ബോട്ട് യാത്ര നടത്തിയ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ ബി.ജെ.പി രംഗത്തെത്തി. സംസ്ഥാനത്ത് ഭരണസംവിധാനം നിശ്ചലമായിരിക്കെ ഉല്ലാസസവാരി നടത്തുകയാണ് മുഖ്യമന്ത്രിയെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ബാബുലാൽ മറാൻഡി പറഞ്ഞു. ഗവർണർ എം.എൽ.എ പദവി അയോഗ്യമായി പ്രഖ്യാപിക്കുംമുമ്പ് സോറൻ രാജിനൽകണമെന്ന് മുൻ മന്ത്രി ഭാനു പ്രതാപ് ഷാഹി ആവശ്യപ്പെട്ടു.
റാഞ്ചിയിലെ സ്വന്തം കരിങ്കൽഖനിക്ക് അനധികൃതമായി അനുമതി പുതുക്കിയെടുത്തെന്ന പരാതിയിൽ സോറന്റെ എം.എൽ.എസ്ഥാനം അയോഗ്യമാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഗവർണർക്ക് കത്തയച്ചിരുന്നു. ഇതുപ്രകാരം നടപടിയുണ്ടാകുമെന്ന് സൂചനയുണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ രാജിയോ ഗവർണറുടെ അയോഗ്യത പ്രഖ്യാപനമോ ഉണ്ടായില്ല. എം.എൽ.എ സ്ഥാനം അയോഗ്യമാക്കിയാലും മുഖ്യമന്ത്രിപദവിയിൽ തുടരാനാണ് സോറന് പാർട്ടി നിർദേശം. ജെ.എം.എം-കോൺഗ്രസ്-ആർ.ജെ.ഡി സഖ്യം പൊളിച്ച് ഭരണം താഴെയിറക്കാൻ ബി.ജെ.പി പദ്ധതിയിടുന്നതായ വാർത്തയെത്തുടർന്ന് എം.എൽ.എമാരെ മൂന്ന് ബസുകളിലായി ഛത്തിസ്ഗഢ് അതിർത്തിയിലേക്ക് മാറ്റിയിരുന്നെങ്കിലും വൈകീട്ടോടെ തിരികെയെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.