റാഞ്ചി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്ത്. മുൻ മുഖ്യമന്ത്രിമാരായ ബാബുലാൽ മറാണ്ടിയും ചമ്പായ് സോറനും അടക്കം 66 സ്ഥാനാർഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.
ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം)യിൽ നിന്ന് കൂറുമാറിയ സീത സോറൻ ജംതാരയിലും മുൻ മുഖ്യമന്ത്രി ചമ്പായ് സോറൻ സരൈകെല്ലയിൽ നിന്നും ജനവിധി തേടും. ചൈബാസയിൽ നിന്ന് ഗീത ബൽമുച്ചുവും ജഗനാഥ്പൂരിൽ നിന്ന് മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡയും പോട്കയിൽ നിന്ന് മീര മുണ്ടയും മൽസരിക്കും.
എൻ.ഡി.എ സീറ്റുവിഭജനം പ്രകാരം 81 അംഗ നിയമസഭയിൽ 68 സീറ്റിലാണ് ബി.ജെ.പി മൽസരിക്കുക. സഖ്യകക്ഷികളായ സുധേഷ് മഹ്തോയുടെ ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂനിയൻ (എ.ജെ.എസ്.യു) 10 സീറ്റിലും ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) രണ്ട് സീറ്റിലും ലോക് ജൻശക്തി പാർട്ടി (രാം വിലാസ്) ഒരു സീറ്റിലും മൽസരിക്കും. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചക്ക് (എച്ച്.എ.എം) ഇത്തവണ സീറ്റില്ല.
2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 25 സീറ്റിലും ഓൾ ഝാർഖണ്ഡ് സ്റ്റുഡൻസ് യൂനിയൻ രണ്ട് സീറ്റിലും എൻ.സി.പി, സി.പി.ഐ (എം.എൽ) എന്നിവർ ഓരോ സീറ്റുകളിലും സ്വതന്ത്രർ രണ്ട് സീറ്റിലും വിജയിച്ചു. യു.പി.എ സഖ്യം 47 സീറ്റ് നേടി ഭരണം പിടിച്ചു.
ഝാർഖണ്ഡിൽ നവംബർ 13, നവംബർ 20 തീയതികളിൽ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 23നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.